എറണാകുളം: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തും. രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനായി എറണാകുളം സിജെഎം കോടതി മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്.
കേസ് അട്ടിമറിക്കാനും വിചാരണ തടസപ്പെടുത്താനും നടൻ ദിലീപും ബന്ധുക്കളും ശ്രമിക്കുന്നതിന്റെ ശബ്‌ദരേഖകളടക്കമുള്ള തെളിവുകളാണ് ബാലചന്ദ്ര കുമാർ പുറത്തുവിട്ടത്. അതേസമയം അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിനെ അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്‌തേക്കും.
എന്നാൽ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ വെള്ളിയാഴ്‌ച വരെ അറസ്‌റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്. കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടിയിരുന്നു. ഇതിന് മറുപടിയായാണ് സർക്കാരിന്റെ പ്രതികരണം.
Read also: സമരങ്ങൾക്ക് തണലായി പത്ത് വർഷം; ‘ഒപ്പുമരം’ ഇനി ഓർമകളിലേക്ക്







































