കാസർഗോഡ്: ജില്ലയിലെ ഒട്ടേറെ സമരങ്ങൾക്ക് വേദിയായ പുതിയ ബസ് സ്‌റ്റാൻഡിലെ ‘ഒപ്പുമരം’ ഇനി ഓർമയാകും. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ഒപ്പുമരം വെട്ടിമാറ്റുന്നത്. വർഷങ്ങൾക്ക് മുൻപ് നട്ട കൊന്നമരം പിന്നീട് ഒപ്പുമരമായി മാറുകയായിരുന്നു.
പരമ്പരാഗത സമര രീതികളെ ഒഴിവാക്കി പ്രകൃതിയും ജീവജാലങ്ങളും അതിജീവനം ആവശ്യപ്പെട്ടുള്ള പുതിയ സമര രീതികളോടെയായിരുന്നു ഒപ്പുമരത്തിന്റെ പിറവി. എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശങ്ങൾക്കായി പോരാടിയിരുന്ന എൻവിസാജ് എന്ന സംഘടനയാണ് ‘ഒപ്പുമരം’ എന്ന പേരിനു പിന്നിൽ. പ്രതിഷേധ സമരത്തിന്റെ ഭാഗമായി മരത്തിൽ വെളുത്ത തുണി കെട്ടി അതിൽ നിറയെ ഒപ്പുചാർത്തുക എന്നതായിരുന്നു തുടക്കം.
അന്ന് മുതൽ എല്ലാ സമരങ്ങളുടെ കേന്ദ്രം ഒപ്പുമരച്ചുവടായിരുന്നു. കാസർഗോട്ടെ ഒപ്പുമരത്തെ തുടർന്നു തലസ്‌ഥാന നഗരിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി പ്രതീത്‌മകമായി ഒപ്പുമരം ഉയർന്നു. കാസർകോട് പുതിയ ബസ് സ്‌റ്റാൻഡിലെ ഒപ്പുമരത്തിൽ തൂക്കിയിട്ട തപാൽ പെട്ടിയിൽ ജനങ്ങൾ ദുരിതങ്ങളും സങ്കടങ്ങളും എഴുതിയിട്ടു.
11 വർഷത്തിനുള്ളിൽ ചെറുതും വലുതുമായ നൂറിലേറെ സമരങ്ങൾക്കാണ് ഇവിടെ വേദിയായത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശങ്ങൾക്കുള്ള സമരമായിരുന്നു ഏറെയും ഇവിടെ. തലസ്‌ഥാനത്തേക്കുള്ള പല ജാഥകളും യാത്രകളും പുറപ്പെടുന്നതും ഈ ഒപ്പുമരത്തിന്റെ ചുവട്ടിലായിരുന്നു. അടുത്ത ദിവസം തന്നെ ഒപ്പുമരത്തിനും പ്രദേശത്തെ മറ്റ് മരങ്ങൾക്കും കോടാലി വീഴും.
Also Read: ധീരജിന്റെ മരണകാരണം നെഞ്ചിൽ ആഴത്തിലേറ്റ കുത്ത്; പോസ്‌റ്റുമോർട്ടം റിപ്പോർട്