കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രി അധികാരത്തിലേക്ക്. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. പാർട്ടി യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് സുവേന്ദുവിന്റെ പേര് പ്രഖ്യാപിച്ചത്.
ബംഗാളിലെ കരുത്തനായ പ്രതിപക്ഷ നേതാവായിരുന്നു സുവേന്ദു. മമത ബാനർജിയെ രണ്ടുതവണ പരാജയപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ മെദിനിപൂരിലെ കാന്തിയിലാണ് സുവേന്ദുവിന്റെ ജനനം. മുതിർന്ന കോൺഗ്രസ്, തൃണമൂൽ നേതാവായിരുന്ന ശിശിർ അധികാരിയുടെ മകനാണ്. യൂത്ത് കോൺഗ്രസിലൂടെ രാഷ്‌ട്രീയത്തിലെത്തി.
1995ൽ കാന്തി മുനിസിപ്പാലിറ്റിയിൽ കൗൺസിലറും മുനിസിപ്പൽ ചെയർമാനുമായി. പിന്നീട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 2006ൽ എംഎൽഎ ആയി. 2009 മുതൽ 2016 വരെ പാർലമെന്റ് അംഗം. 2016ൽ എംഎൽഎ ആയി. ബംഗാളിൽ ട്രാൻസ്‌പോർട്ട്, ജലസേചനം, പരിസ്‌ഥിതി മന്ത്രിയായി. 2020ൽ മമത ബാനർജിയുമായി തെറ്റി ബിജെപിയിൽ ചേർന്നു.
2021ൽ നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തി. കഴിഞ്ഞ അഞ്ചുകൊല്ലം പ്രതിപക്ഷ നേതാവായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്നും ഭവാനിപൂരിൽ നിന്നും വിജയിച്ചു. ബംഗാളിൽ ബിജെപി 207 സീറ്റുകളിലാണ് വിജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
ഭവാനിപൂരിൽ 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുവേന്ദു അധികാരി മമത ബാനർജിയെ പരാജയപ്പെടുത്തിയത്. നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസിന്റെ പവിത്ര കർക്കെതിരെ 9665 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുവേന്ദു വിജയിച്ചത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെയും സുവേന്ദു അധികാരിയെയും അമിത് ഷാ അഭിനന്ദിച്ചു. ബംഗാളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല അമിത് ഷായ്‌ക്കായിരുന്നു. അക്രമങ്ങളും ഭീഷണികളും നിറഞ്ഞ സാഹചര്യമായിരുന്നിട്ടും ബംഗാൾ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയിൽ വിശ്വാസമർപ്പിച്ചുവെന്ന് അമിത് ഷാ പറഞ്ഞു.
Most Read| ഇത് മധുരപ്രതികാരം; 13ആം വയസിൽ പുറത്താക്കിയ സ്‌കൂളിൽ അധ്യാപികയായി തിരിച്ചെത്തി




































