ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്‌ചിതത്വം തുടരുന്നു. 118 പേരുടെ പിന്തുണയുള്ള കത്തുമായി വരണമെന്ന് ടിവികെയോട് രണ്ടാംതവണയും ഗവർണർ ആവർത്തിച്ചതോടെയാണ് തമിഴ്‌നാട്ടിൽ രാഷ്‌ട്രീയ പോരാട്ടം മുറുകിയത്.
നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) അണ്ണാഡിഎംകെയിലെ ഒരുവിഭാഗം എംഎൽഎമാരുമായി ചർച്ച നടത്തുകയാണെന്നാണ് റിപ്പോർട്. ഇതിനിടെ 28 എഐഎഡിഎംകെ എംഎൽഎമാരെ പുതുച്ചേരിയിലെ സ്വകാര്യ റിസോർട്ടിലേക്ക് മാറ്റിയത് വലിയ രാഷ്‌ട്രീയ ചർച്ചയായിട്ടുണ്ട്. പൂർണാംകുപ്പത്തെ റിസോർട്ടിൽ കഴിയുന്ന എംഎൽഎമാർ മുതിർന്ന അണ്ണാ ഡിഎംകെ നേതാവ് സിവി. ഷൺമുഖത്തിന്റെ അനുയായികളാണ്.
അണ്ണാ ഡിഎംകെയിലെ ഒരുവിഭാഗം ടിവികെ അധ്യക്ഷൻ വിജയിക്ക് പിന്തുണ നൽകുന്നത് പരിഗണിക്കുന്നതിനാലാണ് ഇവരെ റിസോർട്ടിലേക്ക് മാറ്റിയതെന്ന അഭ്യൂഹം ശക്‌തമാണ്. സിവി. ഷൺമുഖത്തിന് ഉപമുഖ്യമന്ത്രി സ്‌ഥാനവും സുപ്രധാന വാഗ്‌ദാനം ചെയ്‌തുകൊണ്ടുള്ള ഭരണ പങ്കാളിത്ത ഫോർമുല ചർച്ചയിലുണ്ടെന്നാണ് സൂചന.
അതിനിടെ, ടിവികെ അധികാരത്തിൽ വരുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്തേക്കുമെന്ന വിവരങ്ങളും തമിഴ്‌നാട്ടിൽ നിന്ന് പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച് ചർച്ച നടന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരമൊരു സഖ്യ രൂപീകരണത്തെ കുറിച്ച് ഔദ്യോഗികമായി സ്‌ഥിരീകരണങ്ങൾ ഒന്നുമില്ല.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയുടെ നേതാവ് വിജയ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഇന്നലെയും ഇന്നും ഗവർണറെ കണ്ടിരുന്നു. എന്നാൽ, ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്‌യെ സത്യപ്രതിജ്‌ഞയ്‌ക്ക് ക്ഷണിച്ചില്ല. കേവല ഭൂരിപക്ഷം തെളിയിക്കുന്നതിന് 118 എംഎൽഎമാരുടെയും പിന്തുണയുണ്ടെന്ന് വ്യക്‌തമാക്കുന്ന രേഖകൾ ആവശ്യമാണെന്നായിരുന്നു ഗവർണറുടെ നിലപാട്.
സർക്കാർ രൂപീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കുന്നത് ഉൾപ്പടെയുള്ള നിയമപരമായ വഴികൾ തേടാൻ ചില മുതിർന്ന നേതാക്കൾ വിജയിക്ക് നിർദ്ദേശം നൽകിയതായും സൂചനയുണ്ട്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റാണ്. ടിവികെ 108 സീറ്റുകളിലാണ് വിജയിച്ചത്.
നിലവിൽ കോൺഗ്രസ് മാത്രമാണ് ടിവികെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ച് സീറ്റുകളുള്ള കോൺഗ്രസിന്റെ പിന്തുണ ലഭിച്ചാലും ആറുപേരുടെ പിന്തുണ കൂടി വേണം. ഇതിനായാണ് ടിവികെ അണ്ണാ ഡിഎംകെയിലെ ഒരുവിഭാഗത്തെ ലക്ഷ്യമിടുന്നത്. അതേസമയം, ചെറുകക്ഷികളായ സിപിഎം, സിപിഐ, വിസികെ എന്നിവരുടെ പിന്തുണയും ടിവികെ തേടിയിട്ടുണ്ട്.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ





































