ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിലെ അനിശ്‌ചിതത്വം നീങ്ങി. രണ്ട് സീറ്റുകളുള്ള തോൽ തിരുമാവളവന്റെ വിസികെ ഒടുവിൽ വിജയ്‌യുടെ ടിവികെയ്‌ക്ക് (തമിഴക വെട്രി കഴകം) പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ 118 എന്ന കേവല ഭൂരിപക്ഷം ടിവികെ നേടി. നേതാക്കൾ ഉടൻ ഗവർണറെ കാണും.
നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. അഞ്ചുസീറ്റുള്ള കോൺഗ്രസും രണ്ടുവീതം സീറ്റുകളുള്ള സിപിഎം, സിപിഐ എന്നിവരും ടിവികെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കുമെന്നാണ് വിവരം. നാളെ ഉച്ചകഴിഞ്ഞ് 3.30നായിരിക്കും സത്യപ്രതിജ്‌ഞ. വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്യും.
കേവല ഭൂരിപക്ഷത്തിന് വേണ്ട 118 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്നാം തവണയും വിജയ്‌യെ ഗവർണർ ഇന്നലെ തിരിച്ചയച്ചിരുന്നു. 120 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും മുസ്‌ലിം ലീഗ്, വിസികെ എന്നിവയുടെ പിന്തുണക്കത്ത് ഹാജരാക്കിയിട്ടില്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ പിന്തുണയ്‌ക്കാം, കത്ത് നൽകില്ലെന്നാണ് ലീഗ് നിലപാട്. വിസികെ ആകട്ടെ നിലപാടിൽ മാറ്റം വരുത്തിക്കൊണ്ടിരുന്നു. ഒടുവിൽ തീരുമാനം ഇന്ന് വൈകീട്ട് നാലുമണിക്ക് അറിയിക്കുമെന്ന് വിസികെ നേതൃത്വം അറിയിച്ചു. അണിയറയിൽ കടുത്ത വിലപേശൽ നടക്കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
എന്നാൽ, പിന്നീട് വിസികെ ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ട്വിസ്‌റ്റുകൾക്കൊടുവിൽ വിജയ്‌യുടെ രാഷ്‌ട്രീയ പ്രവേശനത്തിന് കരുത്തുപകരുന്ന നിർണായക വഴിത്തിരിവാണിത്. ദ്രാവിഡ പാർട്ടികളുടെ ദശകങ്ങൾ നീണ്ട ഭരണത്തിൽ അന്ത്യം കുറിച്ച് ടിവികെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്. ടിവികെ ആസ്‌ഥാനത്ത് ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു.
കന്നി പോരാട്ടമാണ്, അതുകൊണ്ടുതന്നെ ടിവികെ സംസ്‌ഥാനത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നോ സീറ്റുകൾ നേടുമെന്നോ തോന്നുന്നില്ല, തുടങ്ങിയ ഊഹാപോഹങ്ങൾക്കിടെയാണ് വിജയ് കന്നിയങ്കത്തിൽ തന്നെ 108 സീറ്റുകൾ നേടി തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ പോകുന്നത്. എംജിആർ, ജെ. ജയലളിത, സിഎൻ. അണ്ണാദുരൈ, എം. കരുണാനിധി തുടങ്ങിയവർ സിനിമയിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നടത്തിയ അതേ യാത്ര ആരംഭിക്കാൻ പോവുകയാണ് വിജയ്‌യും.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം





































