പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ രണ്ട് ആദിവാസി യുവാക്കളെ കാണാതായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ ചോദ്യം ചെയ്‌തിട്ടും യുവാക്കളുടെ തിരോധനത്തെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ലെന്നാണ് നിഗമനം. ചപ്പക്കാട് ആദിവാസി ഊരിലെ മുരുകേശൻ, സ്‌റ്റീഫൻ എന്നിവരെ കാണാതായിട്ട് അഞ്ച് മാസം ആയിരിക്കുകയാണ്.
അതേസമയം, ഇരുവരെയും ആരെങ്കിലും അപായപ്പെടുത്തിയിട്ട് ഉണ്ടാകുമെന്നും, സംഘം ചേർന്ന് തെളിവുകൾ നശിപ്പിച്ചതായി സംശയിക്കുന്നതായും ബന്ധുക്കൾ ആരോപിച്ചു. മുരുകേശനെയും സ്‌റ്റീഫനെയും ഓഗസ്‌റ്റ് 30ന് രാത്രിയാണ് കാണാതായത്. അന്നേ ദിവസം രാത്രി ഇരുവരും തോട്ടത്തിൽ പോയിരുന്നു. പിന്നീട് തിരിച്ചുവന്നിട്ടില്ല. ഇരുവരും ജോലി ചെയ്‌തിരുന്ന തെങ്ങിൻ തോട്ടത്തിലാണ് സ്‌റ്റീഫന്റെ മൊബൈൽ ഫോൺ അവസാനമായി പ്രവർത്തിച്ചത്.
തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മുങ്ങൽ വിദഗ്‌ധരെ എത്തിച്ച് അടുത്തുള്ള ജലാശയങ്ങളിലും മറ്റും തിരച്ചിൽ നടത്തിയിരുന്നു. വനത്തിനുള്ളിൽ ഡ്രോൺ ക്യാമറകൾ സ്‌ഥാപിച്ചും യുവാക്കളുടെ ഫോൺ സിഗ്‌നൽ അവസാനമായി ലഭിച്ച 26 സ്‌ഥലങ്ങളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്തും പരിശോധന നടത്തിയിരുന്നു. എന്നാൽ, ഒരു തുമ്പും ലഭിച്ചിരുന്നില്ല. തുടർന്നാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.
Most Read: ട്രാൻസ് യുവതി അനന്യയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ







































