കൊച്ചി: ലൈംഗികാതിക്രമ കേസിൽ വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടി. തനിക്കെതിരായ യുവതിയുടെ പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമുണ്ടെന്നുമാണ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് പറഞ്ഞത്. പരാതിക്കാരി തന്റെ സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്‌ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും ശ്രീകാന്ത് വെട്ടിയാര്‍ അവകാശപ്പെട്ടു. ലൈംഗികാതിക്രമ പരാതിയില്‍ ഏത് നിമിഷവും അറസ്റ്റുണ്ടാകാമെന്ന സാഹചര്യത്തിലാണ് ശ്രീകാന്ത് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്.
ഇയാൾക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ശ്രീകാന്തിനെ തേടി പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെ 2 ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്ഐആർ റിപ്പോർട്. ആലുവയിലെ ഫ്‌ളാറ്റിൽ എത്തിച്ച് പീഡിപ്പിച്ചതായും എഫ്‌ഐആർ റിപ്പോർട്ടിൽ പറയുന്നു.
യൂട്യൂബ് വ്ളോഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും പ്രശസ്‌തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക ആരോപണം ഉയർന്നത് ഈയിടെയാണ്. ‘വിമൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ്’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാൽസംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. പിന്നീട് അതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രംഗത്ത് വന്നിരുന്നു.
ശ്രീകാന്ത് വെട്ടിയാർ പ്രണയം നടിച്ച് പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചവരിൽ ഒരാൾ എന്നു പറഞ്ഞാണ് നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ പ്രാരാബ്‌ധങ്ങൾ പറഞ്ഞും അമ്മയ്‌ക്ക് മാനസിക വൈകല്യം ആണെന്ന് പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാർ സഹതാപം നേടാൻ തുടങ്ങിയതെന്ന് കുറിപ്പിൽ പറയുന്നു. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക, വൈകാരിക ഉപദ്രവങ്ങൾ നേരിട്ടെന്നും കുറിപ്പിൽ ആരോപിക്കുന്നു.
Read also: ‘കലാപം, ഗുണ്ടായിസം, പലായനം: ഇവയാണ് അഖിലേഷിന്റെ ഭരണം’; കേശവ് പ്രസാദ് മൗര്യ