ന്യൂഡെൽഹി: ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി തള്ളി. ഇക്കാര്യത്തിൽ വിചാരണ കോടതിയെ സമീപിച്ചാൽ ആവശ്യം പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേസിലെ വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി അനുവദിക്കണമെന്നാണ് കേരള സർക്കാരിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത ആവശ്യപ്പെട്ടത്. എന്നാൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് വ്യക്തമാക്കിയ കോടതി ദിലീപിനുവേണ്ടി ഹാജരായ മുകുൾ റോഹത്ഗിയുടെയും അഭിപ്രായം തേടി.
പല രീതിയിൽ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പറഞ്ഞ റോഹത്ഗി വിചാരണ നീട്ടുന്നതിനെ എതിർത്തു. എന്നാൽ കേസിൽ പുതിയ തെളിവുകളുണ്ടെന്നും ഇതു അവഗണിക്കാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസിൽ വിചാരണ കോടതി ജഡ്ജി ആവശ്യമുന്നയിച്ചാൽ പരിഗണിക്കാമെന്നു കോടതി അറിയിച്ചത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലെ മാനേജറെ വിളിച്ച് വരുത്തി മൊഴിയെടുക്കും. ദിലീപിനും അനുജൻ അനൂപിനും ഒപ്പമിരുത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും പുരോഗമിക്കുകയാണ്. മൊഴികളിലെ വൈരുധ്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
Most Read: ‘കലാപം, ഗുണ്ടായിസം, പലായനം: ഇവയാണ് അഖിലേഷിന്റെ ഭരണം’; കേശവ് പ്രസാദ് മൗര്യ








































