തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരുടെ ക്ഷാമം സംസ്‌ഥാനത്തെ ട്രെയിൻ ഗതാഗതത്തെ രൂക്ഷമായി ബാധിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പേരിൽ സംസ്‌ഥാനത്ത് പാസഞ്ചർ ട്രെയിനുകളിൽ പലതും നിർത്തിയത് ലോക്കോ പൈലറ്റുമാരുടെ ക്ഷാമത്തെ തുടർന്നാണെന്ന് വെളിപ്പെടുത്തൽ. ലോക്കോ പൈലറ്റുമാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദക്ഷിണ റെയില്‍വേയില്‍ പൊതുവേ പാലക്കാട്, തിരുവന്തപുരം ഡിവിഷനുകളിൽ തീവണ്ടി ഓടിക്കാന്‍ ആവശ്യത്തിന് ലോക്കോ പൈലറ്റുമാരില്ലാത്ത സാഹചര്യമാണുള്ളത്.
ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്നാണ് നിലവിൽ ഉയരുന്ന ആവശ്യം. പാലക്കാട് ഡിവിഷനിൽ മാത്രം 158 ലോക്കോ പൈലറ്റുമാർ ഉണ്ടെങ്കിൽ മാത്രമേ സർവീസുകൾ സുഗമമായി നടത്താൻ സാധിക്കുകയുള്ളൂ. എന്നാൽ ഇവിടെ ആകെയുള്ളത് 108 ലോക്കോ പൈലറ്റുമാരാണ്. മറ്റ് ഡിവിഷനുകളിലും സ്‌ഥിതി വ്യത്യസ്‌തമല്ല.
അവധി പരിശീലനം എന്നിവ പരിഗണിച്ച് 100 ലോക്കോ പൈലറ്റുമാരെ ആവശ്യമുണ്ടെങ്കിൽ 130 പേരെ നിയമിക്കണമെന്നാണ് ചട്ടം. എന്നാൽ നിലവിൽ ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ നികത്താതെ ഗുഡ്‌സ് തീവണ്ടികളിലെ ലോക്കോ പൈലറ്റുമാരെ പാസഞ്ചര്‍ വണ്ടികളിലേക്ക് മാറ്റുന്ന സാഹചര്യവും ഉണ്ട്. മതിയായ പരിശീലനം നല്‍കിയ ശേഷമേ ഗുഡ്‌സ് ലോക്കോ പൈലറ്റുമാരെ പാസഞ്ചര്‍ വണ്ടികള്‍ ഓടിക്കാന്‍ നിയോഗിക്കാവൂ എന്നാണ് ചട്ടം. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം.
Read also: കെ റെയിൽ; മലപ്പുറത്തെ പരപ്പനങ്ങാടി നഗരം പൂർണമായി ഇല്ലാതാകുമെന്ന് ആശങ്ക







































