ബീജിങ്: ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് കീഴില്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ബയോളജി വികസിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണത്തില്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി ഗവേഷകര്‍.
18 നും 59 നും ഇടയില്‍ പ്രായമുള്ള 191 ആളുകളില്‍ ആദ്യ ഘട്ടത്തില്‍ നടത്തിയ കുത്തിവെപ്പ് വിജയകരമാണെന്ന് പിയര്‍ അവലോകനത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറഞ്ഞു.
വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ സാധാരണയായ കണ്ടുവരാറുള്ള നേരിയ വേദന, ക്ഷീണം, കുത്തിവെപ്പ് നടത്തിയ സ്ഥലത്ത് ചൊറിച്ചില്‍, ചുവപ്പ് നിറം, വീക്കം തുടങ്ങിയ പാര്‍ശ്വ ഫലങ്ങള്‍ മാത്രമാണ് ഉണ്ടായതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
വാക്‌സിന്‍ പരീക്ഷണത്തിലൂടെ ലഭിച്ച വിവരങ്ങള്‍ വാക്‌സിനുകളുടെ സുരക്ഷയെയും രോഗപ്രതിരോധ ശേഷിയെയും കാണിക്കുന്നുവെന്നും ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പഠനങ്ങള്‍ക്ക് ഇത് പ്രോത്സാഹനമാകുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ തന്നെ ചൈന നിരവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത് വിദഗ്ധര്‍ക്കിടയില്‍ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. നിലവില്‍ നാലോളം വാക്‌സിനുകളാണ് ചൈനയില്‍ ക്ളിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലുള്ളത്.
Read Also: മലയാളി മാദ്ധ്യമ പ്രവർത്തകന് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി യുപി പോലീസ്







































