കൊച്ചി: നടൻ ദിലീപിന്റെ ഫോണിൽ ഉള്ളതിനേക്കാൾ സെൻസിറ്റീവായ വിഷയങ്ങൾ ഉള്ളത് അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവിന്റെ ഫോണിലാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. 2017ൽ ദിലീപ് ജയിലിൽ കിടന്ന കാലഘട്ടത്തിൽ ദിലീപിന്റെ സഹോദരിയുടെ ഭർത്താവ് ഉപയോഗിച്ചിരുന്ന ഫോൺ നിർബന്ധമായും ഹാജരാക്കണം. കാരണം ഞാൻ അതിൽ വേങ്ങരയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തു പറഞ്ഞിരുന്നു.
2017 ജൂലായ്, ഓഗസ്‌റ്റ്, സെപ്റ്റംബർ, ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ദിലീപ് ഉപയോഗിച്ച ഫോൺ നിർബന്ധമായും പോലീസ് കണ്ടെത്തണം. അതിൽ പ്രതീക്ഷിക്കാത്ത ഒരുപാട് തെളിവുകൾ കണ്ടെത്താൻ പോലീസിന് കഴിഞ്ഞെന്നുവരാം എന്നും ബാലചന്ദ്രകുമാർ പറഞ്ഞു. കേരളത്തെ ഞെട്ടിപ്പിക്കുന്ന ഒരുപാട് വിവരങ്ങൾ ആ ഫോണിൽ ഉണ്ട്. നാലിലധികം ഫോണുകൾ ഉപയോഗിക്കുന്ന ആളാണ് ദിലീപ്. പത്തോളം സിം കാർഡുകൾ കൈവശം വച്ചിട്ടുള്ള ആളാണ്. ഞാൻ ഉന്നയിച്ച ആരോപണങ്ങളെക്കാൾ അതിസങ്കീർണമായ പല വിഷയങ്ങളും ആ ഫോണിൽ ഉണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
അതിന്റെ തെളിവുകൾ പുറത്ത് വരും. കേസിനെ വഴിതിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഞാൻ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു എന്ന തരത്തിൽ അദ്ദേഹം എനിക്കെതിരെ കോടതിയിൽ അഫിഡവിറ്റ് നൽകിയത്. അതിന്റെ നിജസ്‌ഥിതി പുറത്ത് വരണമെങ്കിൽ അദ്ദേഹത്തിന്റെ സഹോദരിയുടെയും ഭർത്താവിന്റെയും ഫോണുകൾ പരിശോധിക്കണമെന്നും സംവിധായകൻ ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടു.
Most Read: വനിതാ പോലീസുകാരുടെ ഡ്യൂട്ടി സമയം വെട്ടിക്കുറച്ച് മഹാരാഷ്‌ട്ര








































