അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘മിഷൻ സി’ നാളെ മുതൽ നീസ്ട്രീം ഒടിടിവഴി പ്രേക്ഷകരിലേക്ക് എത്തും. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന ‘മിഷൻ സി’ എന്ന റിയലിസ്‌റ്റിക് എൻഗേജിങ് ത്രില്ലർ ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക.
‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തില്‍ നെെല ഉഷ ചെയ്‌ത ആലപ്പാട്ട് മറിയം എന്ന കഥാപാത്രത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് ‘മിഷൻ സി’. ആക്ഷൻ മൂവി പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുള്ള ചിത്രത്തിൽ കെെലാഷ്, മേജര്‍ രവി, ബാലാജി ശര്‍മ്മ, ജയകൃഷ്‌ണൻ, ഋഷി തുടങ്ങിയ അഭിനേതാക്കളും അണിനിരക്കുന്നുണ്ട്.
കഴിഞ്ഞ ഒക്‌ടോബർ മാസത്തിൽ കേരളത്തിലെ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതികൊടുത്തപ്പോൾ ‘മിഷൻ സി’ തിയേറ്ററുകളിൽ റിലീസ് ചെയ്‌തിരുന്നു. നല്ല പ്രേക്ഷകാഭിപ്രായം നേടി മുന്നേറിയ സിനിമ മൂന്നു മാസങ്ങൾക്ക് ശേഷമാണ് നാളെ, ഫെബ്രുവരി 3ന് നീസ്ട്രീം ഒടിടിയിൽ എത്തുന്നത്.
ഉദ്വേഗജനകമായ രീതിയിൽ ഒരുക്കിയിരിക്കുന്ന ‘ഒരടിപൊളി’ ‘റിയലിസ്‌റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ‘മിഷൻ സി’. ഒന്നര മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള സിനിമ പൂർണമായും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്നതാണ്. പ്രേക്ഷകർ നിരാശരാകില്ല എന്നാണ് സിനിമയെ കുറിച്ചുള്ള തന്റെ വിശ്വാസം; സംവിധായകൻ വിനോദ് ഗുരുവായൂർ വ്യക്‌തമാക്കി.
ചിത്രത്തിന്റെ ഛായാഗ്രഹണം നടത്തിയിരിക്കുന്നത് സുശാന്ത് ശ്രീനിയാണ്. സിനിമയുടെ വാർത്താ വിതരണം പിആര്‍ സുമേരനാണ് നിർവഹിക്കുന്നത്. തമിഴ്‌നാട്ടിലെ ബാങ്ക് കൊള്ളയടിച്ച്, കേരള ബോര്‍ഡറിലെത്തുന്ന കൊള്ളക്കാർ മൂന്നാറില്‍ ടൂറിന് വന്ന കോളേജ് വിദ്യാർഥികളുടെ ബസ് ഹൈജാക്ക് ചെയ്യുന്നു. പിന്നീട്, കൊള്ളസംഘം ഹൈജാക്ക് ചെയ്‌ത ബസും അതിനെ പിന്തുടരുന്ന രക്ഷാ സംഘവും തമ്മിലുള്ള സംഘർഷങ്ങളാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്.
‘ഇടുക്കി ജില്ലയും വനമേഖലകളായ രാമക്കൽമേട്, മൂന്നാർ, വാഗമൺ ഉൾപ്പെടുന്ന ഹൈറേഞ്ച് പശ്‌ചാത്തലവും അതിലൂടെ കടന്നുപോകുന്ന ബസും സുരക്ഷാ സേനയും അതിനെ പിന്തുടരുന്ന ക്യാമറകാഴ്‌ചകളും മലയാളത്തിൽ അപൂർവമാണ്. ആകാംക്ഷയുടെ ഹൈപിച്ചിലൂടെ കടന്നുപോകുന്ന സിനിമ, പ്രേക്ഷകരെ ഒന്നരമണിക്കൂർ പോകുന്നതറിയാതെ പിടിച്ചിരുത്തുന്നുണ്ട്.’ സിനിമ തിയേറ്ററിൽ കണ്ട പ്രേക്ഷകൻ മധു മോഹൻദാസ് എഴുതിയ അഭിപ്രായം ഇങ്ങനെയാണ്. ‘മിഷൻ സി’യുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ ഇവിടെ വായിക്കാം.
Most Read: എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ?