എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ?

By Nidhin Sathi, Official Reporter
  • Follow author on
K-RAIL-
Representational Image

കേരളത്തിന്റെ വികസന ചരിത്രത്തിൽ നാളെ ഏതെങ്കിലുമൊരു തരത്തിൽ അടയാളപ്പെടുത്താൻ പോകുന്ന, എഴുതപ്പെടാൻ പോകുന്ന ബൃഹത്തായൊരു പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർലൈൻ എന്നതിൽ തർക്കമില്ല. പക്ഷേ, അത് ഏത് രീതിയിലാവും വായിക്കപ്പെടുക എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നു, അതിന് പല കാരണങ്ങളുമുണ്ട് താനും. എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ പദ്ധതിയുടെ നിലനിൽപും, ആവശ്യകതയും, അവയാണ് പരിശോധിക്കപ്പെടേണ്ടതും.

എന്താണ് കെ റെയിൽ ?

കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ്‌ കോറിഡോര്‍ പദ്ധതിയാണ് കെ റെയിൽ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്‌റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയില്‍ സെമി ഹൈസ്​പീഡ്​ ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്‌തമായി രൂപീകരിച്ച ‘കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍‘ എന്ന കമ്പനിയാണ് കെ റെയില്‍ പദ്ധതിയുടെ നടത്തിപ്പുകാരും, ഉടമസ്‌ഥൻമാരും. പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര കേവലം നാല് മണിക്കൂറിനുള്ളിൽ നടത്താമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

11 സ്‌റ്റേഷനുകളാണ് ഈ കോറിഡോറിലുള്ളത് (തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി എയർപോർട്ട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്)​. കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചും ഒരു സ്‌റ്റോപ്പുണ്ടാകും. 11 ജില്ലകളിലൂടെ ഈ പാത കടന്നുപോകും. 20 മിനിറ്റ് ഇടവേളകളില്‍ ട്രെയിന്‍ സർവീസ് നടത്തും. 675 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ക്ളാസുള്ള ഇഎംയു (ഇലക്‌ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളാണ് ഇതിലൂടെ ഓടുക.

what is K Rail ? Why Krail?റെയില്‍വേ ലൈന്‍ പോകുന്ന ഓരോ 500 മീറ്ററിലും അണ്ടര്‍പാസ് ഉണ്ടായിരിക്കും. 11.53 കിമീറ്ററോളം ടണല്‍, 13 കിലോമീറ്റര്‍ റിവര്‍ ക്രോസിങ്, 292.73 കിലോമീറ്റര്‍ എംബാക്മെന്റ്, 88.41 കിലോമീറ്റര്‍ എലവേറ്റഡ് വയഡന്‍സ് എന്നീ പ്രധാന നിര്‍മാണങ്ങള്‍ ഇതിന്റെ ഭാഗമായി വരുന്നുണ്ട്. സങ്കേതികവിദ്യ നല്‍കുന്നത് ജപ്പാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജപ്പാന്‍ ഇന്റര്‍നാഷണൽ കോപ്പറേറ്റീവ് ഏജന്‍സി (JAICA) എന്ന കമ്പനിയാണ്.

എന്തിനാണ് കെ റെയിൽ ?

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള യാത്ര നാല് മണിക്കൂറായി ചുരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമായി സർക്കാർ ഉയർത്തിക്കാട്ടുന്നത്. 560 കിലോമീറ്ററുളള തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള യാത്രക്കായി ഇപ്പോൾ ട്രെയിനുകൾ 12 മണിക്കൂറാണ് എടുക്കുന്നത്.

നിലവിലെ റെയിൽവേ ലൈനിൽ ഇതിൽ കൂടുതൽ വേഗത സ്വീകരിക്കാൻ പല പരിമിതികളുമുണ്ട്. വളവുകളും, കയറ്റിറക്കങ്ങളും നിരവധിയുള്ള ഈ വഴിയിലൂടെ മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വേഗതയിൽ മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളൂ. എന്നാൽ കെ റെയിൽ വരുന്നതോടെ ഈ കാത്തിരിപ്പിന് അവസാനമാകും. കേവലം മൂന്നര, നാല് മണിക്കൂറിനുള്ളിൽ കേരളത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ കഴിയും. ഇതാണ് പദ്ധതിയുടെ മുഖ്യ ആകർഷണം.

K-RAIL
Representational Image

ഇതിനൊപ്പം പുതിയ റെയില്‍വേ ലൈനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ അഞ്ച് പ്രധാന സ്‌റ്റേഷനുകളില്‍ ടൗണ്‍ഷിപ്പും ഉണ്ടാക്കാന്‍ ഉദ്ദേശ്യമുണ്ട്. അതിലൂടെ പ്രത്യക്ഷമായും പരോക്ഷമായും കുറഞ്ഞത് 500,00 തൊഴിലവസരങ്ങളെങ്കിലും സൃഷ്‌ടിക്കാമെന്നും സർക്കാർ പറയുന്നു.

കേരളത്തിലെ ഭൂപ്രകൃതിയും, ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോൾ ദേശീയ പാതകളുടെയും, അതിവേഗ എക്‌സ്​പ്രസ്‌ ഹൈവേകളുടെയും കാര്യത്തിൽ പരിമിതികളുണ്ട്. അതിനാലാണ് കെ റെയിൽ പോലെയൊരു സംവിധാനം ബദലായി അവതരിപ്പിക്കുന്നത്.

എന്നാൽ പദ്ധതിയുടെ സാമ്പത്തിക ചിലവുകളും, ഭാവിയിൽ ഉയർന്നേക്കാവുന്ന വെല്ലുവിളികളും സർക്കാർ എത്രത്തോളം പരിഗണിച്ചിട്ടുണ്ടെന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്. 2027ല്‍ പൂര്‍ത്തീകരിക്കണമെന്ന് ലക്ഷ്യമിടുന്ന ഈ പദ്ധതിക്കുള്ള അടങ്കൽ തുക ഏകദേശം 63,941 കോടി രൂപയാണ് കണക്കാക്കുന്നത്.

K-RAIL
പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനകൾ (കടപ്പാട്- കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ)

തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ പുതിയ പാതയും തിരൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നിലവിലെ പാതയ്‌ക്ക് സമാന്തരമായുമാണ് കെ റെയില്‍ നിര്‍മിക്കുന്നത്. നിലവിലെ ഇന്ത്യന്‍ റെയില്‍വേയുടെ പല സൗകര്യങ്ങളും ഉപയോഗപ്പെടുത്തും എന്ന് പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം സാധ്യമാണെന്ന് കണ്ടറിയണം.

അതിനുള്ള പ്രധാന കാരണം കെ റെയിൽ പദ്ധതിക്ക് വേണ്ടി രൂപീകരിച്ച സ്വതന്ത്ര കമ്പനിക്ക് ഇന്ത്യൻ റെയിൽവേ സംവിധാനവുമായി യാതൊരു ബന്ധവുമില്ല എന്നതാണ്. അതിനാൽ തന്നെ നിലവിലെ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ പല പരിമിതകളും ഉണ്ട്.

പദ്ധതിയുടെ ഫണ്ടിംഗുമായി ബന്ധപ്പെട്ട ഉയരുന്ന സംശയങ്ങൾക്ക് മറുപടി നൽകാൻ സർക്കാരിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. നിലവിലെ സംസ്‌ഥാന സർക്കാരിന്റെ സാമ്പത്തിക സ്‌ഥിതി വച്ചുകൊണ്ട് ഇത്രയും ബൃഹത്തായ പദ്ധതിക്കുള്ള ഫണ്ട് സ്വന്തം നിലയ്‌ക്ക് കണ്ടെത്തുകയെന്നത് അസാധ്യമാണ്, അതിനാൽ തന്നെ പദ്ധതിയുടെ ഭൂരിഭാഗം വിഹിതവും വായ്‌പയായി കണ്ടെത്താനാണ് സർക്കാർ ശ്രമം.

What is Krail Malayalam

വിദേശ വായ്‌പ: 33,700 കോടി (52.70 ശതമാനം) റെയിൽവേ വിഹിതം: 3,125 കോടി (4.89 ശതമാനം) കേരളത്തിന്റെ വിഹിതം: 3253 കോടി (5.09 ശതമാനം) പബ്ളിക് എക്വിറ്റി: 4252 കോടി (6.65 ശതമാനം) ഭൂമി ഏറ്റെടുക്കാനുളള ചിലവ്: 11,837 കോടി (18.51 ശതമാനം) എന്നിങ്ങനെയാണ് ഇപ്പോൾ നിശ്‌ചയിച്ചിരിക്കുന്ന ഫണ്ടിംഗ് സാധ്യതകൾ. ഇതിന് പുറമെ ബോണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങളും ഇതിനായി സർക്കാർ പരിഗണിക്കുന്നുണ്ട്.

പദ്ധതി നേരിടുന്ന പ്രധാന വെല്ലുവിളികൾ:

ഭാവി കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായകമായ ഒരു പദ്ധതിയായാണ് സർക്കാർ ഇതിനെ കാണുന്നത്. എന്നാൽ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്നവരുടെ പ്രശ്‌നം ഗൗരവമായി തന്നെ ചർച്ച ചെയ്യേണ്ടതാണ്.

11 ജില്ലകളില്‍നിന്നായി 1126 ഹെക്‌ടര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരും എന്നാണ് ഡിപിആര്‍. ഭൂമി ഏറ്റെടുക്കലിനോട് ഇതിനോടകം എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. സാധ്യതാ പഠന റിപ്പോര്‍ട് വന്നപ്പോള്‍ തന്നെ പാത കടന്നുപോകുമെന്ന്‌ സൂചിപ്പിച്ച സ്‌ഥലങ്ങളില്‍ പലയിടത്തും പ്രതിഷേധ പരിപാടികൾ ഉൾപ്പെടെ നടന്നിരുന്നു. ഭൂമി നഷ്‌ടപ്പെടുന്നവര്‍ക്ക് നാലിരട്ടി നഷ്‌ടപരിഹാരം നല്‍കുവാനാണ് സര്‍ക്കാര്‍ തീരുമാനം. കെ റെയിൽ കടന്നുപോകുന്ന റൂട്ട് ഈ വീഡിയോയിൽ കാണാം:

ശക്‌തമായ പ്രതിഷേധത്തെ തുടർന്നാണ് കാസർഗോഡ് മുതൽ തിരൂർ വരെയുള്ള ഭാഗത്തെ നിർദിഷ്‌ട റെയിൽവേ ലൈൻ നിലവിലെ പാതയ്‌ക്ക് സമാന്തരമായി നിർമിക്കാൻ തീരുമാനിച്ചത്. കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ ഇതിന്റെ പേരിൽ വ്യാപകമായ പ്രതിഷേധങ്ങളും ഉയർന്നു വന്നിരുന്നു. എന്നാൽ ഇത്തരമൊരു വലിയ പദ്ധതി വരുമ്പോൾ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന പ്രതികരണം മാത്രമാണിതെന്ന് സർക്കാർ കണക്കുകൂട്ടുന്നു.

പദ്ധതിക്ക് നേരെ ഉയരുന്ന പ്രധാന വിമർശനങ്ങൾ:

ഇത്രയും വലിയൊരു പദ്ധതി ആയിട്ട് കൂടി വിശദ പദ്ധതി രേഖ,‍ സമഗ്ര പാരിസ്‌ഥിതിക ആഘാത പഠനം എന്നിവയൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് പ്രധാന വിമർശനം. നിലവിലെ വിവരങ്ങൾ അനുസരിച്ച് 88 കിലോമീറ്ററോളം പാടത്തിലൂടെയുള്ള ആകാശ റെയിലാണ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത്.

K-rail
കെ-റെയിൽ പദ്ധതിക്കായി നടത്തിയ ആകാശ സർവേ

ആയിരക്കണക്കിന് വീടുകള്‍, പൊതു കെട്ടിടങ്ങള്‍‍ എന്നിവ ഇല്ലാതാകുമെന്ന് ലഭ്യമായ പാരിസ്‌ഥിതിക ആഘാത പഠനത്തിൽ പറയുന്നു. ഇത് സംസ്‌ഥാനത്തിന്റെ പരിസ്‌ഥിതിക്ക് വലിയ ദോഷമുണ്ടാക്കുമെന്നും, അതിനാൽ കൂടുതൽ ശാസ്‌ത്രീയമായ പഠനത്തിന് ശേഷം മാത്രമേ പദ്ധതിയുടെ പ്രവർത്തനം തുടങ്ങാവൂയെന്നും ശാസ്‌ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകളും ആവശ്യപ്പെടുന്നു. എന്നാൽ റെയിൽവേ പദ്ധതികൾക്ക് പാരിസ്‌ഥിതിക ആഘാത പഠനം ആവശ്യമില്ലെന്നാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്.

പദ്ധതിയുടെ നിലവിലെ അവസ്‌ഥ, ഭാവി:

പദ്ധതിക്കായി സ്‌ഥലമേറ്റെടുപ്പിന് ജീവനക്കാരെ ലഭ്യമാക്കാനുള്ള ഇ-ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷന്റെ വിവിധ ഓഫിസുകളിലേക്ക് ജീവനക്കാരെ ലഭ്യമാക്കാനുള്ള ഇ-ടെൻഡർ നടപടികളാണ് പുരോഗമിക്കുന്നത്.

നിലവിൽ പാത ഏതൊക്കെ സ്‌ഥലങ്ങളിലൂടെ കടന്നു പോകുമെന്ന് അറിയാന്‍ മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌മാര്‍ട്ട്‌ഫോണില്‍ പ്രവര്‍ത്തിക്കുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഗൂഗിള്‍ മാപ്പിലാണ് പാതയുടെ അലൈന്‍മെന്റ് രേഖപ്പെടുത്തിയത്.

K-rail
Representational Image

ഈ പാതയില്‍ നേരിയ വ്യത്യാസങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും ഓരോ സ്‌ഥലത്തിന്റെയും കൃത്യമായ വിവരങ്ങള്‍ മാപ്പില്‍ നിന്നും കണ്ടെടുക്കാം. keralarail.com എന്ന വെബ്‌സൈറ്റിലാണ് പാതയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. എതിര്‍പ്പുകള്‍ പരിഹരിച്ച് വളരെ വേഗത്തില്‍ കാര്യങ്ങളുമായി മുന്‍പോട്ട് പോകുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Read Also:ആരോഗ്യമന്ത്രിയുടെ ഇടപെടൽ; ഹൈസിന്റെ കുഞ്ഞുഹൃദയത്തിന് പുതുജീവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE