തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്‌നമായ സിൽവർ ലൈൻ പദ്ധതിക്ക് ദക്ഷിണ റെയിൽവേയുടെ റെഡ് സിഗ്‌നൽ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കെ റെയിൽ ആവശ്യപ്പെട്ട മുഴുവൻ റെയിൽവേ ഭൂമിയിലും തടസവാദങ്ങൾ ഉന്നയിച്ചു ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ ബോർഡിന് റിപ്പോർട് നൽകി.
റെയിൽവേ ഭൂമിയിൽ കെ റെയിലുമായി ചേർന്ന് നടത്തിയ സർവേയുടെ അടിസ്‌ഥാനത്തിൽ റിപ്പോർട് നൽകണമെന്ന് റെയിൽവേ ബോർഡ് ഒക്‌ടോബറിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ദക്ഷിണ റെയിൽവേ റിപ്പോർട് സമർപ്പിച്ചത്. കെ റെയിലിന്റെ നിലവിലെ അലൈൻമെന്റ് അനുസരിച്ചു ഒരിഞ്ചു ഭൂമി പോലും വിട്ടുനൽകാനാകില്ലെന്ന് ദക്ഷിണ റെയിൽവേ റിപ്പോർട്ടിൽ പറയുന്നു.
മതിയായ ആശയവിനിമയം നടത്താതെയാണ് അലൈൻമെന്റ് അന്തിമമാക്കിയതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരം മുതൽ തൃശൂർ വരെ ഇടവിട്ടും അതിനുശേഷം ഏതാണ്ട് പൂർണമായും റെയിൽവേ ട്രാക്കിന് സമാന്തരമായി കടന്നുപോകുന്ന സിൽവർ ലൈനിന് 183 ഹെക്‌ടർ റെയിൽവേ ഭൂമിയാണ് വേണ്ടത്.
സ്‌റ്റേഷൻ ഉൾപ്പടെയുള്ള നിർമിതികളോട് ചേർന്ന് സിൽവർ ലൈൻ ട്രാക്ക് കടന്നുപോകുമ്പോൾ അത് ട്രെയിൻ സർവീസിനുണ്ടാകുന്ന ആഘാതം, റെയിൽവേ നിർമിതികൾ ഇളക്കുമ്പോഴും പുനർനിർമിക്കുമ്പോഴുള്ള പ്രശ്‌നങ്ങൾ എന്നിവ പരിഗണിച്ചില്ല. പൊളിച്ചു മാറ്റുന്നവ പുനർ നിർമിക്കുന്നതിനുള്ള പ്രശ്‌നങ്ങൾ എന്നിവയും പരിഗണിച്ചിട്ടില്ല.
പൊളിച്ചുമാറ്റുന്നവ പുനർ നിർമിക്കുന്നതിനുള്ള ചിലവ് പദ്ധതി ചിലവാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതി ചിലവ് റെയിൽവേ കൂടി വഹിക്കുന്നതിനാൽ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും. സിൽവർ ലൈൻ വിരുദ്ധ സമിതി പ്രവർത്തകനായ കോട്ടയം മുളക്കുളം സ്വദേശി എംടി തോമസിന് വിവരാവകാശ നിയമം വഴിയാണ് റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചത്.
Most Read| ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം; നേവൽ ടാസ്‌ക് ഗ്രൂപ്പുകൾ വിന്യസിച്ചു നാവികസേന