തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ തുടർന്നുള്ള നടപടികൾ മരവിപ്പിച്ച് സംസ്‌ഥാന സർക്കാർ. ഇനി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർനടപടികൾ ഉണ്ടാവുക. സാമൂഹിക ആഘാത പഠനത്തിനുള്ള പുതിയ വിജ്‌ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം.
റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലാണ് നടപടികൾ മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയത്. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്‌ഥരെയും അടിയന്തിരമായി സർക്കാർ തിരിച്ചു വിളിച്ചു. ഉദ്യോഗസ്‌ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക് പുനർ വിന്യസിക്കും. 11 യൂണിറ്റുകളെ ആയിരുന്നു ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയിരുന്നത്.
അതേസമയം, സിൽവർലൈൻ പദ്ധതി മരവിപ്പിച്ച ഉത്തരവ് പഠിച്ച ശേഷം വിഷയത്തിൽ പ്രതികരിക്കാമെന്ന് മന്ത്രി പി രാജൻ പറഞ്ഞു. മുന്നൊരുക്കം നടത്തിയത് കാലതാമസം ഒഴിവാക്കാനാണെന്നും കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പി രാജീവ് വ്യക്‌തമാക്കി.
സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിച്ചാണ് ഇടത് സർക്കാർ സിൽവർ ലൈൻ പദ്ധതിയെ അവതരിപ്പിച്ചിരുന്നത്. കാസർഗോഡ് നിന്ന് നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താവുന്ന 529.45 കിലോമീറ്ററുള്ള റെയിൽ പദ്ധതിയാണ് കെ-റെയിൽ. ഈ അർധ-അതിവേഗ റെയിൽവേ പദ്ധതി റെയിൽവേയുടേയും കേരള സർക്കാരിന്റെയും ഉടമസ്‌ഥതയിലുള്ള സംയുക്‌ത സംരംഭമായി, കേരള റെയിൽ ഡവലപ്മെൻ്റ് കോർപറേഷൻ ലിമിറ്റഡിന് കീഴിലാണ് നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്.
Most Read: സമരക്കാർക്ക് സ്വന്തം നിയമം; വിഴിഞ്ഞത്ത് വലിയ ക്രമസമാധാന പ്രശ്‌നം- ഹൈക്കോടതി