കൊച്ചി: കിഴക്കമ്പലം പര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപടികൾ നീട്ടി ഹൈക്കോടതി. നടപടികൾ ഈമാസം 16 വരെയാണ് നീട്ടിയത്. ജൂൺ ഒമ്പതുവരെ ആയിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്ന് ജസ്‌റ്റിസ് ടിആർ. രവി നടപടികൾ ഒരാഴ്‌ച കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.
ഉത്തരവ് മലയിടംതുരുത്തിലെ താമസക്കാർക്കും സംസ്‌ഥാന സർക്കാരിനും താൽക്കാലികാശ്വാസമാണ്. പ്രശ്‌നപരിഹാരത്തിനുള്ള ആത്‌മാർഥമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ജൂൺ ഒമ്പതിനകം കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി ജൂൺ ഒന്നിന് ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ ആലുവ റൂറൽ എസ്‌പിയും തടിയിട്ടപറമ്പ് എസ്എച്ച്ഒയും ഹെക്കോടതിയെ സമീപിക്കുകയായിരുന്നു. മുൻസിഫ് കോടതി ഉത്തരവ് ഹൈക്കോടതി അനുവദിച്ച സാവകാശത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ അടിയന്തര ഹരജി.
പതിറ്റാണ്ടുകളായി തങ്ങൾ താമസിക്കുന്ന ഭൂമിയിൽ നിന്ന് ഇറങ്ങിപ്പോകാൻ തയ്യാറല്ലെന്ന നിലപാടിലാണ് പര്യത്തുകാവ് ഉന്നതിയിൽ കുടുംബങ്ങൾ. അരനൂറ്റാണ്ടായി തുടരുന്ന തർക്കത്തിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് അധികൃതർ ഒഴിപ്പിക്കൽ ശ്രമം നടത്തുന്നത്. ഇത് 15ആം തവണയാണ് ഒഴിപ്പിക്കൽ ശ്രമം നടന്നത്. എന്നാൽ, പ്രതിഷേധത്തെ തുടർന്ന് ഇതുവരെ ഒഴിപ്പിക്കൽ നടന്നിട്ടില്ല.
ഏഴ് പട്ടികജാതി കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. സ്വകാര്യ വ്യക്‌തിയുമായി ബന്ധപ്പെട്ട, ഏതാണ്ട് 60 വർഷത്തോളം പഴക്കമുള്ള ഭൂമി തർക്കക്കേസിൽ നാലുവർഷം മുമ്പാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പ്രകാരം രണ്ട് ഏക്കർ 65 സെന്റ് ഭൂമി അളന്ന് ഏറ്റെടുക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ സ്‌ഥലത്ത് എത്തിയതോടെയാണ് പ്രതിഷേധം ശക്‌തമായത്.
Most Read| ‘യുദ്ധം പാടില്ല’; പ്രമേയം പാസാക്കി യുഎസ് പ്രതിനിധിസഭ, ട്രംപിന് കനത്ത തിരിച്ചടി





































