കൊച്ചി: കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ ഇടപെട്ട് സംസ്‌ഥാന സർക്കാർ. കുടിയൊഴിപ്പിക്കലിൽ സാവകാശം ചോദിക്കാൻ ഇന്നലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന് ഉന്നതതല യോഗം തീരുമാനിച്ചു.
കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തും. തുടർന്ന് കോടതിയുടെ നിർദ്ദേശത്തോട് മാത്രമായിരിക്കും തുടർ നടപടി സ്വീകരിക്കുകയെന്നും ആഭ്യന്തര മന്ത്രി വ്യക്‌തമാക്കി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് സിൻഹ, ഡിജിപി റവാഡ ചന്ദ്രശേഖർ, പോലീസ് ഉപദേഷ്‌ടാവ് മുൻ ഡിജിപി ഹേമചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഒഴിപ്പിക്കൽ നടപടിയിൽ പ്രദേശവാസികളുമായി ചർച്ച നടത്താൻ എറണാകുളത്ത് നിന്നുള്ള മന്ത്രി റോജി എം ജോർജിനെ മുഖ്യമന്ത്രി വിഡി. സതീശൻ ചുമതലപ്പെടുത്തി. പ്രശ്‌നം രമ്യമായി എത്രയുംവേഗം പരിഹരിക്കാനാണ് സർക്കാരിന്റെ ശ്രമം.
വിഷയം എൽഡിഎഫ് നടത്തുന്നത് രാഷ്‌ട്രീയ മുതലെടുപ്പ് ആണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പത്തുവർഷക്കാലം ഒന്നും ചെയ്യാതിരുന്ന സർക്കാരാണ് ഇപ്പോൾ അധികാരത്തിൽ വന്ന് ദിവസങ്ങൾ മാത്രമായ ഒരു സർക്കാരിനെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ശനിയാഴ്‌ചയ്‌ക്കകം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാൻ പെരുമ്പാവൂർ മുൻസിഫ് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കുടിയൊഴിപ്പിക്കൽ ബുധനാഴ്‌ച നിർത്തിവെച്ചിരുന്നു. സുപ്രീം കോടതി നിർദ്ദേശ പ്രകാരം ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടിക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Most Read| ഇത് മധുരപ്രതികാരം; 13ആം വയസിൽ പുറത്താക്കിയ സ്‌കൂളിൽ അധ്യാപികയായി തിരിച്ചെത്തി



































