തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് കോഴ്‌സിന്റെ നാലരവർഷത്തെ (54 മാസം) അക്കാദമിക് കാലയളവിനുള്ള ഫീസ് മാത്രം ഈടാക്കാൻ സംസ്‌ഥാന സർക്കാർ ഉത്തരവ്. അവസാന ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ് കാലയളവിലെ ഫീസ് ഒഴിവാക്കിയാണ് സർക്കാർ ഉത്തരവ്.
ഇതുപ്രകാരം, കോഴ്‌സിന്റെ പഠനകാലയളവായ നാലരവർഷം മാത്രമേ കോളേജുകൾക്ക് ഇനിമുതൽ ഫീസ് ഈടാക്കാൻ സാധിക്കൂ. സുപ്രീം കോടതി ഉത്തരവ് പ്രകാരം ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) സെക്രട്ടറി നൽകിയ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് സർക്കാർ ഉത്തരവ്. നിർദ്ദേശം പാലിക്കാത്തവർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും എൻഎംസി അറിയിച്ചിട്ടുണ്ട്.
എൻഎംസി നിർദ്ദേശങ്ങൾക്ക് അനുസരിച്ച് സംസ്‌ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ ഫീസ് ഘടന നിശ്‌ചയിക്കുന്നതിന് ആവശ്യമായ നടപടികൾ ഫീസ് റെഗുലേറ്ററി കമ്മിറ്റി സ്വീകരിക്കും. മെഡിക്കൽ കോളേജുകൾ അധികമായി ഈടാക്കിയ ഫീസ് തിരികെ നൽകുന്നത് ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് ഉത്തരവിലുണ്ട്.
കേരളത്തിലെ മെഡിക്കൽ കോളേജുകൾ അധികമായി ഈടാക്കിയ ഫീസ് തിരിച്ചുനൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് എൻഎംസി നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇതിനെതിരെ കോലഞ്ചേരി എംഒഎസ്‌സി മെഡിക്കൽ കോളേജ് നൽകിയ ഹരജിയിൽ ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചിരുന്നു. അതുവരെ ഫീസ് റെഗുലേറ്ററി കമ്മിറ്റി നിശ്‌ചയിച്ച ഫീസ് ഈടാക്കാമെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
Most Read| മികച്ച നടൻ മമ്മൂട്ടി, നടി യാമി ഗൗതം; ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ

































