തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. 24 മണിക്കൂറും ലഭ്യമാകുന്ന 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 5.96 രൂപ നിരക്കിൽ വാങ്ങാനുള്ള കരാറിന് കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകി. നാളെ മുതൽ ഒരുവർഷത്തേക്കാണ് കരാർ.
ഇതോടെ ലോകകപ്പ് ഫൈനൽ മുടങ്ങില്ലെന്ന സന്തോഷത്തിലാണ് കായികപ്രേമികൾ. എൻടിപിസിഎം വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡ്, പവർ പ്ളസ് ട്രേഡിങ് സൊലൂഷ്യൻസ് ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്ന് അടുത്തവർഷം ജൂലൈ 14 വരെയാണ് വൈദ്യുതി വാങ്ങുന്നത്. വർഷം ഏകദേശം 140 കോടി യൂണിറ്റ് വൈദ്യുതി വാങ്ങാൻ 840 കോടിയോളം രൂപ ചെലവാകും.
പകൽ രണ്ടു രൂപയിൽ താഴെ നിരക്കിൽ വൈദ്യുതി ലഭ്യമാകുന്ന സാഹചര്യത്തിൽ ഈ വൈദ്യുതി വാങ്ങുന്നത് നഷ്‌ടമാണെങ്കിലും 200 മെഗാവാട്ട് വൈദ്യുതി പീക്ക് സമയത്ത് ലഭിക്കാൻ മറ്റു മാർഗങ്ങളില്ലാത്ത സാഹചര്യത്തിലാണ് കെഎസ്ഇബി കരാറുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഇതിന് അനുമതി തേടിയുള്ള അപേക്ഷ നിലവിലെ കേരളത്തിന്റെ അടിയന്തര സാഹചര്യം പരിഗണിച്ചാണ് റഗുലേറ്ററി കമ്മീഷൻ ഇന്ന് പരിഗണിച്ച് ഉടൻ അനുമതി നൽകിയത്.
ഈ മാസത്തെ പ്രതിസന്ധി പരിഹരിക്കാൻ ഈ വൈദ്യുതി മതിയാകില്ലെങ്കിലും നിയന്ത്രണത്തിന്റെ ഇടവേള നീട്ടാൻ സഹായകമാകും. ഓഗസ്‌റ്റ് മുതൽ 2027 മേയ് അവരെ വൈദ്യുതി ലഭിക്കാനുള്ള ടെൻഡറും കെഎസ്ഇബി ഹ്രസ്വകാല വൈദ്യുതി കരാറുകൾക്കുള്ള ഡീപ് പോർട്ടലിൽ നൽകിയിട്ടുണ്ട്. ഇതിൽ പ്രതീക്ഷിക്കുന്ന പോലെ വൈദ്യുതി ലഭിച്ചാൽ താൽക്കാലികമായി പ്രതിസന്ധി മറികടക്കാനാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞദിവസങ്ങളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രി രണ്ട് ഘട്ടങ്ങളിലായി ഒരുമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മഴയില്ലാത്തതിനാൽ നാലുമുതൽ അഞ്ച് ഡിഗ്രി വരെ ചൂട് കൂടി. ജൂലൈ മാസത്തിൽ കെഎസ്ഇബി പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വൈദ്യുതി ഉപയോഗം വന്നു. ആവശ്യകതയിൽ 1000 മെഗാവാട്ടിന്റെ വർധനവാണ് പല ദിവസങ്ങളിലും ഉണ്ടാകുന്നത്.
ജനങ്ങൾ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബി നൽകുന്ന നിർദ്ദേശം. ഉറങ്ങാൻ കിടക്കുമ്പോൾ മാത്രം എസി ഓൺ ചെയ്യുക. എസി 25 ഡിഗ്രിക്ക് മുകളിലാകണം. ആവശ്യമില്ലാതെ ഫാനും ലൈറ്റും ഓൺ ചെയ്യരുത് തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇപ്പോൾ ഉപയോഗിക്കുന്നതിൽ 800 മെഗാവാട്ട് വൈദ്യുതിയെങ്കിലും കുറയ്‌ക്കാനാകുമെന്നാണ് കെഎസ്ഇബി പറയുന്നത്.
Most Read| ചോദ്യപേപ്പർ മാറി നൽകി; പരീക്ഷ റദ്ദാക്കി പിഎസ്‌സി






































