ന്യൂയോർക്ക്: ഫിഫ ലോകകപ്പ് കിരീടത്തിൽ ആര് മുത്തമിടുമെന്ന് അറിയാനായി ഇനി ഒരേയൊരു മൽസരത്തിന്റെ ദൂരം മാത്രം. ന്യൂയോർക്ക് ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30 മുതലാണ് ഫൈനൽ പോരാട്ടം. തുല്യ ശക്‌തികളായ അർജന്റീനയും സ്‌പെയിനും പരസ്‌പരം അങ്കം കുറിക്കുമ്പോൾ ആരാധകരുടെ മനസിലും നെഞ്ചിടിപ്പേറുകയാണ്.
ചരിത്രത്തിലെ നാലാം ലോകകിരീടമാണ് ലയണൽ മെസ്സിയും സംഘവും ലക്ഷ്യമിടുന്നത്. മറുഭാഗത്ത് തങ്ങളുടെ രണ്ടാം കിരീടത്തിനാണ് സ്‌പാനിഷ് സംഘവും പടയൊരുക്കം നടത്തുന്നത്. കളികൾ പരിശോധിച്ചാൽ ആർക്കും വ്യക്‌തമായ മേധാവിത്വം അവകാശപ്പെടാനില്ലാത്ത തുല്യ ശക്‌തികളുടെ പോരാട്ടമാണിത്. ജയ പരാജയങ്ങൾ മാറിമറിഞ്ഞ ചരിത്രമാണ് ഇരുവർക്കുമുള്ളത്.
ലോകഫുട്‍ബോളിന്റെ കളിത്തൊട്ടിലാണ് സ്‌പെയിൻ. ലോകോത്തര താരങ്ങൾ വളർന്നുവന്ന പ്രദേശം. മെസ്സി കളിച്ച് തെളിഞ്ഞതും പ്രതിഭയെ മിനുക്കിയെടുത്തതും സ്‌പാനിഷ് ക്ളബായ ബാഴ്‌സലോണയിലാണ്. സ്‌പാനിഷ് ശൈലിയെ മറ്റാരേക്കാളും മനഃപാഠമാക്കിയ മെസ്സിയെ തളയ്‌ക്കുക എന്നതാവും സ്‌പാനിഷ് ടീമിന്റെ അജൻഡകളിലൊന്ന്.
ഉദിച്ചുയരുന്ന പ്രതിഭ യമാലിന്റെ കുതിപ്പുകളും ഫോമിലേക്കുയർന്ന സ്‌പാനിഷ് ടീമിന്റെ ഒത്തിണക്കവും മറികടക്കുക എന്നതാണ് നിലവിലെ ചാംപ്യൻമാർ നേരിടുന്ന വെല്ലുവിളി. ചരിത്രത്തിൽ ഇതുവരെ 14 തവണയാണ് ഇരു ടീമുകളും അന്താരാഷ്‌ട്ര തലത്തിൽ ഏറ്റുമുട്ടിയത്. ഇതിൽ ഇരുടീമുകളും പുലർത്തുന്ന തുല്യത ആരാധകരെ പോലും അത്‌ഭുതപ്പെടുത്തുന്നതാണ്.
ഫുട്‍ബോൾ ലോകത്തെ രണ്ട് വമ്പൻമാർ ആണെങ്കിലും ലോകകപ്പിന്റെ വേദിയിൽ ഇരുവരും ഏറ്റുമുട്ടുന്നത് ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ്. നീണ്ട 60 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ലോകവേദിയിൽ ഇവർ ഏറ്റുമുട്ടുന്നത്. 1966ലെ ഇംഗ്ളണ്ട് ലോകകപ്പിലാണ് ഇരുവരും ആദ്യമായും അവസാനമായും ഒരു ലോകകപ്പിൽ ഏറ്റുമുട്ടിയത്. അന്ന് ഗ്രൂപ്പ് മൽസരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജന്റീന സ്‌പെയിനെ പരാജയപ്പെടുത്തി.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്


































