ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; എംആർ അജിത് കുമാറിന് സസ്‌പെൻഷൻ

ഈമാസം 31ന് ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുന്ന ഡിജിപി പദവിയിലേക്ക് പരിഗണിക്കപ്പെടേണ്ടിയിരുന്ന സീനിയർ ഉദ്യോഗസ്‌ഥൻ ആണ് അജിത് കുമാർ. ഇതിനിടെയാണ് കനത്ത തിരിച്ചടിയായി സസ്‌പെൻഷൻ നടപടി.

By Senior Reporter, Malabar News
MR Ajith Kumar

തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എംആർ അജിത് കുമാറിന് സസ്‌പെൻഷൻ. സംസ്‌ഥാന പോലീസ് മേധാവി നൽകിയ റിപ്പോർട് പരിഗണിച്ചാണ് സർക്കാർ നടപടി.

കേസ് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട് തുടർനടപടിക്കായി ഡിജിപി റാവാഡ എ. ചന്ദ്രശേഖർ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പിന് കൈമാറിയത്. അജിത് കുമാർ നൽകിയ വിശദീകരണം അടക്കമായിരുന്നു റിപ്പോർട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വിഡി സതീശനും റിപ്പോർട് പരിശോധിച്ചതിന് ശേഷമാണ് സസ്‌പെൻഷൻ നടപടിയെടുത്തത്.

കേസ് ഡയറിയിൽ തിരുത്തൽ വരുത്തിയെന്ന് പറയുന്ന സമയത്ത് താൻ ഓഫീസിൽ ഉണ്ടായിരുന്നില്ലെന്നും വയനാട്ടിൽ ആയിരുന്നുവെന്നുമാണ് അജിത് കുമാർ നൽകിയ വിശദീകരണം. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ അധികസമയം അനുവദിക്കണമെന്ന അജിത് കുമാറിന്റെ ആവശ്യം സംസ്‌ഥാന പോലീസ് മേധാവി തള്ളിയിരുന്നു. പിന്നാലെയാണ് നടപടി.

ഈമാസം 31ന് ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുന്ന ഡിജിപി പദവിയിലേക്ക് പരിഗണിക്കപ്പെടേണ്ടിയിരുന്ന സീനിയർ ഉദ്യോഗസ്‌ഥൻ ആണ് അജിത് കുമാർ. ഇതിനിടെയാണ് കനത്ത തിരിച്ചടിയായി സസ്‌പെൻഷൻ നടപടി.

2023 ഡിസംബർ അഞ്ചിന് വൈകീട്ട് നവകേരള സദസ് പരിപാടിക്ക് വന്ന മുഖ്യമന്ത്രിയുടെ ബസിന് മുന്നിൽ ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷന് സമീപം പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയ ഗൺമാനും സംഘവും ചേർന്ന് മർദ്ദിക്കുകയായിരുന്നു.

സംഭവത്തെ അന്നത്തെ മുൻമുഖ്യമന്ത്രി ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തിൽ പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽകുമാർ, അകമ്പടി സേനയിലെ അംഗങ്ങളായിരുന്ന സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവരെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

കേസ് അട്ടിമറിക്കാൻ ഇടപെട്ടത് അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ. അജിത് കുമാറാണെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട് നൽകിയിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നതിന് പിന്നാലെ കേസ് അട്ടിമറിച്ചത് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. തുടർന്നാണ് കേസ് അട്ടിമറിക്കാൻ എഡിജിപിയുടെ നേതൃത്വത്തിൽ ശ്രമം നടന്നതായി കണ്ടെത്തിയത്.

Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE