കാസർഗോഡ്: പ്രതിദിനം 25 ലക്ഷം രൂപയ്‌ക്ക് മുകളിൽ കച്ചവടം ഉണ്ടെങ്കിലും കാസർഗോഡ് നഗരത്തിലെ ഏക മദ്യവിൽപന കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരില്ല. ഇവിടെ ആകെയുള്ളത് 5 ജീവനക്കാർ മാത്രമാണ്. കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഉയർന്നിട്ട് മാസങ്ങൾ ആയെങ്കിലും ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല.
നഗരത്തിൽ ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയുമായി 3 മദ്യവിൽപന കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഇവയിൽ 2 എണ്ണം ഇതിനോടകം കോടതി വിധിയെ തുടർന്ന് മാറ്റുകയും ചെയ്‌തു. ഇപ്പോഴുള്ളത് കാസർഗോഡ് ഐസി ഭണ്ഡാരി റോഡിലെ ബെവ്‌കോയുടെ മദ്യവിൽപന കേന്ദ്രം മാത്രമാണ്. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ തന്നെ കച്ചവടം തുടങ്ങി രാത്രി കണക്കുകൾ ശരിയാക്കി പണവും എണ്ണി തിട്ടപ്പെടുത്തി പോകുമ്പോൾ സമയം അർധരാത്രിയോടടുക്കും.
ബെവ്കോ ഔട്ട്ലെറ്റുകളിൽ ജീവനക്കാരെ നിയമിക്കുന്നത് വരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ്. 25 മുതൽ 30 ലക്ഷത്തോളം രൂപയുടെ പ്രതിദിന കച്ചവടം നടക്കുന്ന ഈ കേന്ദ്രത്തിൽ മിനിമം 15 ജീവനക്കാരെങ്കിലും വേണം. എന്നാൽ നിലവിലുള്ളതാകട്ടെ 5 പേർ മാത്രം. ഇവരിൽ ഒരാൾ ഓഫിസ് ഇൻചാർജാണ്. 2 കൗണ്ടറുകളും ഒരു സെൽഫ് കൗണ്ടറും ഒരുമിച്ച് പ്രവർത്തിക്കണമെങ്കിൽ 13 പേരെങ്കിലും വേണം.
Read also: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്; മന്ത്രി കെഎൻ ബാലഗോപാൽ






































