പാലക്കാട്: ദേശീയപാതയിൽ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം കെഎസ്ആർടിസി ഡ്രൈവറുടെ പിഴവെന്ന് റിപ്പോർട്. കഴിഞ്ഞദിവസം കുഴല്‍മന്ദം വെള്ളപ്പാറയിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്താണ് പിഴവെന്ന ആരോപണം ഉയർന്നത്.
കഴിഞ്ഞദിവസം രാത്രിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേരാണ് മരിച്ചത്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസർഗോഡ് സ്വദേശി സബിത്ത് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. അമിതവേഗത്തിലെത്തിയ ബൈക്ക് ലോറിയിലിടിച്ച് അപകടം സംഭവിച്ചെന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍ ഇന്ന് രാവിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അപകടത്തിനിടയാക്കിയത് കെഎസ്ആര്‍ടിസി ബസാണെന്ന് വ്യക്തമായത്.
റോഡിന്റെ വലതുവശത്തുകൂടെ പോവുകയായിരുന്ന ലോറിയെ മറികടക്കുകയായിരുന്നു ബൈക്ക്. ഇതിനിടെ ബസും ലോറിയെ മറികടക്കാന്‍ ശ്രമിച്ചു. ബസ് വരുന്നത് കണ്ട് ബൈക്ക് വലത്തേക്ക് മാറിയെങ്കിലും കെഎസ്ആർടിസി ഡ്രൈവര്‍ വീണ്ടും വലത്തോട്ട് വെട്ടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് ബസിനും ലോറിക്കും ഇടയില്‍ വീണു. ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.
ഇടതുഭാഗത്ത് സ്ഥലമുണ്ടായിട്ടും ബസ് മനപൂർവം വലത്തേക്ക് വെട്ടിച്ചതാണെന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. സംഭവത്തില്‍ കേസെടുത്ത കുഴല്‍മന്ദം പോലീസ്, അപകടത്തിനിടയാക്കിയ ബസ് പിടിച്ചെടുത്തിട്ടുണ്ട്.
Also Read: ബാലചന്ദ്ര കുമാറിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തി








































