കോഴിക്കോട്: വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്‌ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കോഴിക്കോട് ജില്ലയിൽ കുടുങ്ങിയത് 36 വാഹനങ്ങൾ. ഹെല്‍മെറ്റ് ധരിക്കാത്തത് ഉൾപ്പടെയുള്ള നിയമലംഘനങ്ങളിൽ 131 വാഹനങ്ങൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു.
ഇതിൽ പിഴയായി 3,51,390 രൂപ ഈടാക്കി. കോഴിക്കോട് ആർടിഒ സുമേഷിന്റെ മേൽനോട്ടത്തിലാണ് പരിശോധന. അനധികൃതമായി സൈലൻസർ ഘടിപ്പിച്ച് അമിത ശബ്‌ദം പുറപ്പെടുവിക്കുന്ന വാഹനങ്ങൾ പിടികൂടാൻ ‘ഓപ്പറേഷന്‍ സൈലന്‍സ്’ എന്ന പേരില്‍ 14 മുതല്‍ 18ആം തീയതി വരെയാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തുന്നത്.
പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ കേന്ദ്രീകരിച്ചാവും പരിശോധന. ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാന്‍ഡില്‍ ബാര്‍ മാറ്റുക, അനധികൃത രൂപ മാറ്റം വരുത്തല്‍ എന്നിവക്ക് എതിരെ നടപടിയെടുക്കും. ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ഇത് അനുസരിച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്‌തമാക്കി.
Most Read: വിവാദ വെളിപ്പെടുത്തൽ; സ്വപ്‌ന സുരേഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും







































