എറണാകുളം: മർദ്ദനമേറ്റതിനെ തുടർന്ന് കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്. ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയോടെയാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
ഇരുവരും കൈ ഞരമ്പ് മുറിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് വിവരം. അതേസമയം നിലവിൽ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഇപ്പോഴും ദുരൂഹതകൾ തുടരുന്നതിനിടെയാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നത്.
അതേസമയം കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ചും ആശ്വാസകരമായ വാർത്തകളാണ് പുറത്തു വരുന്നത്. കുട്ടിയെ ഇന്നലെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു. കൂടാതെ കുട്ടി നിലവിൽ അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഒപ്പം തന്നെ സംഭവത്തിൽ ഇന്ന് കുട്ടിയുടെ അമ്മയുടെ മൊഴി വീണ്ടും എടുക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Read also: ബിജെപി അംഗങ്ങൾ കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അംഗത്വം രാജിവെച്ചു







































