കീവ്: റഷ്യ യുക്രൈനിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കുകയാണെന്ന് വ്യക്തമാക്കി യുക്രൈൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാൽ. ഫെബ്രുവരി 28ആം തീയതി മുതൽ റഷ്യയിലേക്കും, ബെലാറസിലേക്കുമുള്ള അതിർത്തികൾ അടയ്ക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
അതിർത്തികൾ അടയ്ക്കുന്നതോടെ ഫെബ്രുവരി 28 മുതൽ യുക്രൈനിയൻ പൗരൻമാർക്ക് മാത്രമായിരിക്കും റഷ്യയിൽ നിന്നും ബെലാറസിൽ നിന്നും അതിർത്തി കടക്കാൻ അനുമതി ഉണ്ടാകുക. അതേസമയം യുക്രൈനിൽ റഷ്യ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ 1,50,000 പേരെങ്കിലും ഇതുവരെ അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നും യുഎൻ അഭയാർഥി ഏജൻസി വ്യക്തമാക്കി.
നിലവിൽ കാൽനടയായും ട്രെയിനിലും കാറിലും ബസിലുമായി ജനങ്ങൾ യുക്രൈൻ അതിർത്തികൾ കടക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ റഷ്യൻ സേനക്കെതിരെ ആയുധമെടുക്കാൻ ചില യുക്രൈനിയൻ പൗരൻമാർ പോളണ്ടിൽ നിന്ന് മടങ്ങുകയും ചെയ്തിട്ടുണ്ട്. അതേസമയം യുക്രൈൻ കീഴടക്കാൻ റഷ്യൻ സൈന്യം ശക്തമായ യുദ്ധം തുടരുകയാണ്. രാജ്യ തലസ്ഥാനമായ കീവ് കീഴടക്കാനുള്ള ശ്രമത്തിലാണ് നിലവിൽ റഷ്യ. എന്നാൽ അവസാനനിമിഷം വരെയും യുക്രൈന് വേണ്ടി പോരാടുമെന്ന നിലപാടിലാണ് യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കി.
Read also: യുദ്ധം കടുപ്പിച്ച് റഷ്യ; എണ്ണ സംഭരണ ശാലക്കും വാതക പൈപ്പ് ലൈനിനും നേരെ ആക്രമണം, വൻ തീപിടുത്തം







































