മോസ്‌കോ: യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രൈനുമായി കരാർ ഉണ്ടാക്കേണ്ടത് അനിവാര്യമെന്ന് റഷ്യ. എത്രയും പെട്ടെന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരാറിൽ എത്തിച്ചേരാൻ റഷ്യ താൽപര്യപ്പെടുന്നുവെന്ന് വൊളോദിമിർ മെഡിൻസ്‌കി പറഞ്ഞു. മെഡിൻസ്‌കിയെയാണ് ചർച്ചക്കായി റഷ്യ നിയോഗിച്ചിരിക്കുന്നത്.
വിഷയം പരിഹരിക്കുന്നതിന് ചർച്ചക്കായി യുക്രൈന്റെ പ്രതിനിധി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മെഡിൻസ്‌കി പറഞ്ഞു. ഇന്ന് തന്നെ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച ആരംഭിക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ചർച്ചക്ക് നിശ്‌ചയിച്ചിരിക്കുന്ന സ്‌ഥലമായ ബലാറസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, അടിയന്തരമായി വെടിനിർത്തൽ വേണമെന്ന ആവശ്യം യുക്രൈനും ഉന്നയിച്ചതായാണ് റിപ്പോർട്. റഷ്യൻ സൈന്യം ഉടൻ യുക്രൈൻ വിടണമെന്ന നിലപാടും യുക്രൈൻ ഉന്നയിച്ചു. ചർച്ചയിലും ഈ നിലപാടിൽ തന്നെ യുക്രൈൻ ഉറച്ചുനിന്നേക്കുമെന്നാണ് സൂചന. ചർച്ചക്കായി യുക്രൈൻ പ്രതിനിധി സംഘം ബലാറൂസിൽ എത്തിയതായി യുക്രൈൻ പ്രസ്‌താവനയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ ആണവ ഭീഷണി ഉയർത്തിയതിന് പിന്നാലെയാണ് ചർച്ചക്ക് തയ്യാറാണെന്ന് യുക്രൈൻ വ്യക്‌തമാക്കിയത്. യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലൻസ്‌കിയും ബെലാറസ് പ്രസിഡണ്ട് അലക്‌സാണ്ടർ ലുക്കാഷെങ്കോയും ഞായറാഴ്‌ച നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ബെലാറസിൽ വെച്ച് ചർച്ചയാകാമെന്ന് തീരുമാനം ഉണ്ടായത്.
Most Read: എല്ലാ കുട്ടികൾക്കും കളിപ്പാട്ടം ഇഷ്‌ടമാണ്; ആനക്കുട്ടിക്കും…







































