പാലക്കാട്: സ്കൂളുകളുടെ പ്രവർത്തനം പഴയതുപോലെ ആയതോടെ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് അനുവദനീയമല്ലാത്ത സമയത്ത് റോഡിൽ ടിപ്പർ ലോറികളെ കണ്ടാൽ കർശന നടപടി എടുക്കാൻ ഒരുങ്ങുകയാണ് മോട്ടോർവാഹന വകുപ്പ്.
പട്ടാമ്പി, ഒറ്റപ്പാലം മേഖലകളിലാണ് ക്വാറികൾ കേന്ദ്രീകരിച്ച് ഇത്തരത്തിൽ കൂടുതൽ ലോറികൾ നിരത്തിലിറങ്ങുന്നത്. പട്ടാമ്പിയിൽ നടന്ന പരിശോധനയിൽ സമയക്രമം ലംഘിച്ചതിന് 12 ടിപ്പർ ലോറികളെ പിടികൂടി. പരിശോധനയിൽ രണ്ടുപേർ നികുതിയടച്ചിട്ടില്ലെന്നും ഒരുവണ്ടിക്ക് ഇൻഷുറൻസ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പാർക്കിങ് നിരോധിച്ച സ്ഥലത്ത് നിർത്തിയിട്ടതിനും നടപടിയെടുത്തു. സമയക്രമം തെറ്റിച്ച് നഗരത്തിലൂടെ നിരനിരയായി ലോറികൾ പാഞ്ഞുപോയ സംഭവങ്ങളുമുണ്ടായി. ഇതിനെല്ലാമായി 24,500 രൂപ പിഴ മോട്ടോർവാഹന വകുപ്പ് ഈടാക്കി.
മോട്ടോർവാഹന വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫിസുകളുടെയും നേതൃത്വത്തിൽ പ്രത്യേക പരിശോധനയാണ് നടത്തുന്നത്. സ്കൂൾ സമയത്ത് ടിപ്പർ ലോറികൾ സർവീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ എംകെ ജയേഷ്കുമാർ അറിയിച്ചു.
രാവിലെ 8.30 മുതൽ 10 മണിവരെയും വൈകിട്ട് 3.30 മുതൽ അഞ്ച് മണി വരെയുമുള്ള സമയങ്ങളിൽ ടിപ്പർലോറികൾ നിരത്തിൽ ഇറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. 2018ലെ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നിരോധനം. സ്കൂൾ-കോളേജ് വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു നടപടി.
Most Read: നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി









































