ഡെൽഹി: യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി ഓപ്പറേഷന് ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം പുലര്‍ച്ചെ നാല് മണിയോടെ ഹിന്‍ഡന്‍ സൈനികത്താവളത്തില്‍ നിന്നും റൊമേനിയിലേക്ക് പുറപ്പെട്ടു. 2500ലധികം ഇന്ത്യക്കാരെയാണ് മിഷന്റെ ഭാഗമായി ഇതുവരെ തിരികെ എത്തിച്ചത്.
അതേസമയം കര്‍ക്കിവില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള പദ്ധതി ഊര്‍ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ 26 വിമാനങ്ങള്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
മള്‍ഡോവയുടെ അതിര്‍ത്തി തുറന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്റര്‍ വഴി അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അതിര്‍ത്തി കടക്കാന്‍ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഇവര്‍ക്ക് വെള്ളവും ഭക്ഷണവും വിശ്രമിക്കാനുള്ള ഇടവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇന്ന് നാലിലധികം വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തന നടപടികളുടെ ഭാഗമായി ഡെൽഹിയില്‍ തിരിച്ചെത്തും. പോളണ്ടില്‍ നിന്നുള്ള ആദ്യ വിമാനവും ഇന്ന് ഡെൽഹിയിൽ എത്തും.
Most Read: സംസ്ഥാന വികസനത്തിന് സ്വകാര്യ നിക്ഷേപം വർധിപ്പിക്കണം; മുഖ്യമന്ത്രിയുടെ വികസന രേഖ







































