കീവ്: റഷ്യ- യുക്രൈന്‍ യുദ്ധത്തിനിടെ യുക്രൈനില്‍ നിന്ന് പത്ത് ലക്ഷത്തില്‍ അധികം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്‌തതായി ഐക്യരാഷ്‌ട്രസഭ. യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്ച്സിആറിന്റെ വെബ്‌സൈറ്റിലാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്.
യുക്രൈനിൽ റഷ്യന്‍ അധിനിവേശം 8 ദിവസം പിന്നിടുമ്പോള്‍ അഭയാര്‍ഥി പ്രവാഹവും തുടരുകയാണ്. പകുതിയിലധികം പേരും അയല്‍ രാജ്യമായ പടിഞ്ഞാറന്‍ പോളണ്ടിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, യുക്രൈന്‍ രക്ഷാദൗത്യത്തിലെ വ്യോമസേനയുടെ മൂന്നാമത്തെ സി 17 വിമാനവും ഇന്ത്യയില്‍ തിരിച്ചെത്തി. ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് 208 യാത്രക്കാരുമായി വിമാനമെത്തിയത്. മൂന്ന് വ്യോമസേനാ വിമാനങ്ങളിലായി ഇന്ന് 628 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. അടുത്ത 24 മണിക്കൂറില്‍ 15 രക്ഷാദൗത്യ വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തും. ഹംഗറിയില്‍ നിന്നും റൊമേനിയയില്‍ നിന്നുമാണ് ഈ വിമാനങ്ങളെത്തുക.
200 യാത്രക്കാരുമായി ആദ്യ വിമാനവും 220 യാത്രക്കാരുമായി രണ്ടാം വിമാനവും ഇന്ന് പുലര്‍ച്ചെയോടെ യുക്രൈനില്‍ നിന്ന് ഇന്ത്യയിലെത്തിയിരുന്നു. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
Most Read: രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിക്കുന്നു









































