പാലക്കാട്: ചുനങ്ങാട് കാഞ്ഞിരക്കടവിൽ വീടിന് മുന്നിൽ വച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. വിണ്ടുകീറിയ സിലിണ്ടർ വലിയ ശബ്‌ദത്തോടെ മുകളിലേക്ക് ഉയർന്ന് നിലത്തേക്ക് പതിക്കുകയായിരുന്നു. സിലിണ്ടർ മുറ്റത്തായിരുന്നതും തീപടരാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി.
കാഞ്ഞിരക്കടവ് കുളത്തിങ്കൽ ഷെരീഫിന്റെ വീട്ടിൽ ഇന്നലെ ഉച്ചക്ക് 12 മണിയോടെ ആണ് സംഭവം. വീടിന്റെ പൂമുഖത്തോടു ചേർന്ന് മുറ്റത്തായിരുന്നു സിലിണ്ടർ വച്ചിരുന്നത്. നിലത്തുനിന്ന് മുകളിലേക്ക് തെറിച്ച സിലിണ്ടർ വീടിന്റെ മേൽക്കൂരയിൽ തട്ടിയാണ് തിരിച്ചു വീണത്.
ഓടുമേഞ്ഞ മേൽക്കൂരക്ക് കേടുപാട് സംഭവിച്ചു. മുറ്റമാകെ കറുത്ത പുക വ്യാപിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. ബുധനാഴ്‌ച ഉച്ചകഴിഞ്ഞാണ് സിലിണ്ടർ ഇറക്കിയിരുന്നത്. സിലിണ്ടർ പുറത്തായിരുന്നതും സമീപം ആരും ഇല്ലാതിരുന്നതും തീപടരാതിരുന്നതുമെല്ലാം വലിയ അപകടം ഒഴിവാക്കി. ഏജൻസിയുടെ പ്രതിനിധികൾ സ്‌ഥലത്ത് പ്രാഥമിക പരിശോധന നടത്തി. പൊട്ടിത്തെറിയുടെ കാരണം വ്യക്‌തമായിട്ടില്ലെന്നും വിദഗ്‌ധരെത്തി സിലിണ്ടർ പരിശോധിക്കുമെന്നും ഏജൻസി അറിയിച്ചു.
Most Read: ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ മീ ടു ആരോപണം; പരാതിയില്ലെന്ന് യുവതി








































