ബെംഗളൂരു: യുക്രൈനിൽ കൊല്ലപ്പെട്ട വിദ്യാർഥി നവീൻ ശേഖരപ്പ ജ്‌ഞാനഗൗഡയുടെ മൃതദേഹം എത്തുന്നതും കാത്ത് കർണാടകയിൽ കുടുംബം കാത്തിരിക്കവെ ബിജെപി എംഎൽഎ നടത്തിയ പ്രസ്‌താവന വിവാദമാകുന്നു. മൃതദേഹത്തിന് വിമാനത്തിൽ കൂടുതൽ സ്‌ഥലം വേണ്ടിവരുന്നു എന്നാണ് കർണാടകയിലെ ഹുബ്ളി-ധാർവാഡ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി എംഎൽഎ അരവിന്ദ് ബെല്ലാഡ് പറഞ്ഞത്.
ഒരു ശവപ്പെട്ടിക്ക് പകരം എട്ട് മുതൽ 10 വരെ ആളുകൾക്ക് വിമാനത്തിൽ കയറാം എന്നായിരുന്നു ബിജെപി എംഎൽഎയുടെ പ്രസ്‌താവന. നവീന്റെ മൃതദേഹം ജൻമനാടായ ഹാവേരിയിലേക്ക് എപ്പോൾ കൊണ്ടുവരുമെന്നതിൽ അനിശ്‌ചിതത്വം നിലനിൽക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“നവീന്റെ ഭൗതികശരീരം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. യുക്രൈൻ ഒരു യുദ്ധമേഖലയാണ്, എല്ലാവർക്കും അതിനെക്കുറിച്ച് അറിയാം. ശ്രമങ്ങൾ നടക്കുന്നുണ്ട്, കഴിയുമെങ്കിൽ മൃതദേഹം തിരികെ കൊണ്ടുവരും,” ബെല്ലാഡ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
“ജീവിച്ചിരിക്കുന്നവരെ തിരികെ കൊണ്ടുവരുന്നത് വെല്ലുവിളി നിറഞ്ഞതാണെങ്കിലും, അതിനേക്കാൾ ബുദ്ധിമുട്ടാണ് മരിച്ചവരെ തിരികെ കൊണ്ടുവരുന്നത്, കാരണം ഒരു മൃതദേഹം വിമാനത്തിൽ കൂടുതൽ സ്‌ഥലം അപഹരിക്കും. ഒരു മൃതദേഹത്തിന് പകരം എട്ട് മുതൽ 10 വരെ ആളുകളെ വിമാനത്തിൽ കയറ്റാനാകും,”- ബിജെപി എംഎൽഎ പറഞ്ഞു. നവീനിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവീന്റെ മൃതദേഹം നാട്ടിൽ എത്തുന്നതിനായി കുടുംബവും നാട്ടുകാരും കാത്തിരിക്കുന്നതിനിടെ ബിജെപി എംഎൽഎ നടത്തിയ പ്രസ്‌താവന വിവാദമാകുന്നുണ്ട്. രണ്ട് ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി നവീന്റെ പിതാവ് ശേഖരപ്പ ജ്‌ഞാനഗൗഡ ബുധനാഴ്‌ച പറഞ്ഞിരുന്നു. മകന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കാൻ പ്രധാനമന്ത്രി മോദിയോടും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോടും അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Most Read: ഹാര്‍പിക് ചേര്‍ത്ത മിശ്രിതം കണ്ണിലൊഴിച്ച് 73കാരിയെ കൊള്ളയടിച്ചു; വീട്ടുജോലിക്കാരി അറസ്‌റ്റിൽ








































