തിരുവനന്തപുരം: ജനകീയ പങ്കാളിത്തവും രോഗീസൗഹൃദ അന്തരീക്ഷവും ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ട ആരോഗ്യ സ്‌ഥാപനങ്ങള്‍ രോഗീ സൗഹൃദമായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കണമെന്നും നല്ല രീതിയിലുള്ള പെരുമാറ്റം വകുപ്പില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. നവകേരള കര്‍മ പദ്ധതി രണ്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്‌ഥരുടെ ശില്‍പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ സ്‌ഥാപനങ്ങളുടെ വികസനത്തിന് ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം ഉണ്ടാകണം. ആശുപത്രിയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.
നവകേരള കര്‍മ പദ്ധതി രണ്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ശില്‍പശാല ചര്‍ച്ച ചെയ്‌തു. .ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, നവകേരളം കര്‍മ പദ്ധതി രണ്ട് ജില്ലാ നോഡല്‍ ഓഫിസര്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
പദ്ധതി കോഓര്‍ഡിനേറ്റര്‍ ഡോ. ടിഎന്‍ സീമ, പ്ളാനിംഗ് ബോര്‍ഡ് അംഗം ഡോ. ജമീല, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്‌ടർ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോ. വിആര്‍ രാജു, എസ്എച്ച്എസ്ആര്‍സി എക്‌സി. ഡയറക്‌ടര്‍ ഡോ. ജിതേഷ് എന്നിവര്‍ പങ്കെടുത്തു.
Most Read: നേതാക്കളെ വ്യക്‌തിഹത്യ നടത്തുന്നു; നടപടി എടുക്കുമെന്ന് കെ സുധാകരൻ








































