ഇസ്‌ലാമാബാദ്: ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാകിസ്‌ഥാനില്‍ പതിച്ച സംഭവത്തില്‍ സംയുക്‌ത അന്വേഷണം ആവശ്യപ്പെട്ട് പാകിസ്‌ഥാൻ. തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഇന്ത്യ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്‌ചയാണ് സംഭവം സൂചിപ്പിക്കുന്നതെന്നും വസ്‌തുതകള്‍ കൃത്യമായി പുറത്തുവരാന്‍ സംയുക്‌ത അന്വേഷണം വേണമെന്നും പാകിസ്‌ഥാൻ ആവശ്യപ്പെട്ടു.
ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയും പാകിസ്‌ഥാൻ നിലപാട് അറിയിച്ചു. ആഭ്യന്തര അന്വേഷണം മാത്രം നടത്താനുള്ള ഇന്ത്യയുടെ തീരുമാനം പര്യാപ്‌തമല്ലെന്നും പാകിസ്‌ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയില്‍ പറഞ്ഞു.
മിസൈല്‍ പതിച്ച സംഭവം ഗൗരവതരവും സുരക്ഷാ സംബന്ധവും സാങ്കേതികവുമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും പാകിസ്‌ഥാൻ വ്യക്‌തമാക്കി. ഇത്രയും ഗുരുതരമായ വിഷയത്തില്‍ ഇന്ത്യന്‍ അധികൃതര്‍ നൽകിയ ലളിതമായ വിശദീകരണം തൃപ്‌തികരമല്ലെന്നും പാകിസ്‌ഥാൻ വ്യക്‌തമാക്കി.
ഹരിയാനയിലെ സിര്‍സ വ്യോമതാവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈല്‍ പാകിസ്‌ഥാന്റെ വ്യോമാതിർത്തിക്കുള്ളിൽ പതിച്ചുവെന്നാണ് പാകിസ്‌ഥാന്‍ ആരോപിച്ചത്. മിസൈലിൽ പോർമുന ഇല്ലാതിരുന്നതിനാൽ പൊട്ടിത്തെറിച്ചില്ലെന്നും പാകിസ്‌ഥാന്‍ പറഞ്ഞിരുന്നു. സംഭവം പിന്നീട് ഇന്ത്യ സ്‌ഥിരീകരിക്കുകയും ചെയ്‌തിരുന്നു.
സംഭവത്തെ സാങ്കേതിക തകരാർ എന്ന് വിശേഷിപ്പിച്ച പ്രതിരോധ മന്ത്രാലയം അഗാധമായ ഖേദം രേഖപ്പെടുത്തുന്നതായി പറഞ്ഞിരുന്നു. “2022 മാർച്ച് 9ന്, പതിവ് അറ്റകുറ്റപ്പണികൾക്കിടെ, സാങ്കേതിക തകരാർ മൂലം മിസൈൽ ആകസ്‌മികമായി തൊടുത്തു വിടുകയായിരുന്നു. സംഭവത്തെ കേന്ദ്ര സർക്കാർ ഗൗരവമായി വീക്ഷിക്കുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു,”- എന്നായിരുന്നു പ്രതിരോധ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞത്.
Most Read: യുക്രൈനിൽ നിന്നും പലായനം ചെയ്‌ത് എത്തുന്നവർക്ക് സഹായവുമായി ബ്രിട്ടൺ










































