പാലക്കാട്: സൈലന്റ് വാലി മലനിരകളിൽ തീപിടിത്തം ഉണ്ടായ സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നെന്ന് സംശയിക്കുന്നതായി റിപ്പോർട്. സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ വനം മന്ത്രിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അഗ്നിബാധ സ്വാഭാവികമല്ലെന്നും മനുഷ്യനിർമിതമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ, സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നതായി സൂചന ഉണ്ടെന്നും അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. തീപിടിത്തം ഉണ്ടായ സൈലന്റ് വാലി, ഭവാനി റേഞ്ചുകളിലായി വനം വകുപ്പ് ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പൂർത്തിയായാൽ മാത്രമേ തീപിടിത്തത്തിന്റെ യഥാർഥ കാരണം പുറത്തുവരികയുള്ളൂ. രണ്ട് റേഞ്ചുകളിലായി മൂന്ന് ദിവസമാണ് വൻ തീപിടിത്തം ഉണ്ടായത്. ബഫർസോൺ മേഖലയായ പൊതുവപ്പാടം മലനിരയിൽ നാലര ഹെക്ടർ വനമേഖലയാണ് കത്തിനശിച്ചത്.
ഭവാനി റേഞ്ചിലെ തത്തേങ്ങലം, അയ്യപ്പന്തിട്ട മലനിരകളിൽ 22 ഹെക്ടർ വനമേഖലയും കത്തിയമർന്നു. രണ്ടിടത്തും മരങ്ങൾക്കോ മൃഗങ്ങൾക്കോ അപകടം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്. അടിക്കാടും പുൽമേടുകളുമാണ് അഗ്നിക്കിരയായത്. മൂന്ന് ദിവസം നീണ്ട തീപിടിത്തം നൂറോളം വരുന്ന വനപാലകർ ഏറെ പണിപ്പെട്ടാണ് നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട് സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ വിനോദ് വനംവകുപ്പ് പാലക്കാട് സിസിഎഫ് കെവി ഉത്തമന് കൈമാറി.
Most Read: വനിതാ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യയ്ക്ക് മൂന്നാം തോൽവി








































