കൊൽക്കത്ത: പശ്‌ചിമ ബംഗാൾ, നാദിയയിലെ ഹൻസ്ഖാലിയിൽ ബലാൽസംഗത്തിന് ഇരയായതിനെ തുടർന്ന് മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ സംസ്‌കരിച്ചതായി കുടുംബം. കേസിലെ മുഖ്യപ്രതിയുടെ പിതാവായ പ്രാദേശിക തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് നേതാവിന്റെ സമ്മർദ്ദത്തെ തുടർന്നാണ് മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ സംസ്‌കരിച്ചതെന്ന് ഇരയുടെ കുടുംബം ആരോപിച്ചു. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
അതേസമയം, മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിങ്കളാഴ്‌ച റാണാഘട്ടിൽ 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്‌തു.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹരജി ഫയൽ ചെയ്‌തിട്ടുണ്ട്. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് പ്രകാശ് ശ്രീവാസ്‌തവയാണ് പൊതുതാൽപര്യ ഹരജിക്ക് അനുമതി നൽകിയത്. നാളെ വാദം കേൾക്കൽ ആരംഭിച്ചേക്കും.
പിറന്നാൾ ആഘോഷത്തിന് പോയപ്പോഴാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാൽസംഗത്തിന് ഇരയായത്. ഞയറാഴ്‌ച പെൺകുട്ടി മരണപ്പെടുകയായിരുന്നു.
Most Read: കോൺഗ്രസ് നേതാക്കൾ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുന്നു; തൃശൂർ അതിരൂപത




































