തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇതേ തുടർന്ന് സംസ്ഥാനത്തെ 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.
ശക്തമായ മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കൂടാതെ മഴ നാളെയും തുടരുമെന്നും, അതിനാൽ തന്നെ നാളെയും 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് നിലവിൽ മഴയ്ക്ക് കാരണം. വെള്ളിയാഴ്ചക്ക് ശേഷം മഴ കുറയാനാണ് സാധ്യതയെന്നും അധികൃതർ അറിയിച്ചു.
ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മൽസ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇന്ന് അര്‍ധരാത്രി വരെ കടല്‍ പ്രക്ഷുബ്ധമാകാനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ തീരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: അട്ടപ്പാടിയിൽ സ്ത്രീക്കും യുവാവിനും നേരെ മർദ്ദനം; സിഐക്കെതിരെ പരാതി







































