രാജ്യത്തെ ഉപഭോക്‌തൃ വില അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏഴ് ശതമാനത്തിന് അടുത്തെത്തിയതോടെ നടപ്പ് സാമ്പത്തിക വർഷം നാല് തവണയെങ്കിലും നിരക്ക് ഉയർത്തിയേക്കും. ജൂണിലെ പണവായ്‌പ അവലോകന യോഗത്തിൽ ആദ്യനിരക്ക് വർധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ. വിലക്കയറ്റ നിരക്ക് ഇതേരീതിയിൽ തുടർന്നാൽ 0.50 ശതമാനം മുതൽ രണ്ടുശതമാനം വരെ വർധനയുണ്ടായേക്കാം.
നടപ്പ് സാമ്പത്തിക വർഷത്തെ ശരാശരി പണപ്പെരുപ്പം 6.2 ശതമാനം ആകുമെന്നാണ് വിവിധ ഏജൻസികളുടെ വിലയിരുത്തൽ. അതേസമയം, 5.7 ശതമാനം ആയിരിക്കുമെന്നാണ് ആർബിഐയുടെ അനുമാനം. എട്ട് എംപിസി യോഗങ്ങളിലായി കാൽ ശതമാനം വീതം നിരക്ക് ഉയർത്തിയേക്കുമെന്നാണ് നോമുറയുടെ വിലയിരുത്തൽ. നാലുതവണയായി നിരക്കിൽ ഒരു ശതമാനമെങ്കിലും വർധന വരുത്തിയേക്കുമെന്ന് ബാർക്‌ളെയ്‌സ് പറയുന്നു. എംകെ ഗ്‌ളോബലും സമാനമായ വിലയിരുത്തലാണ് നടത്തിയിട്ടുള്ളത്.
അതേസമയം, എസ്‌ബിഐ പ്രതീക്ഷിക്കുന്നത് മുക്കാൽ ശതമാനത്തിന്റെ വർധനവാണ്. ഐസിഐസിഐ സെക്യൂരിറ്റീസ്, ബാങ്ക് ഓഫ് ബറോഡ എന്നിവ അരശതമാനം വർധന നടപ്പ് സാമ്പത്തിക വർഷത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ വളർച്ചയെ ബാധിക്കുമെന്നതിനാലാണ് ഇത്തവണ കൂടി നിരക്ക് വർധനവിൽ നിന്ന് ആർബിഐ വിട്ടുനിന്നത്. അതേസമയം, ഭാവിയിൽ നിരക്ക് വർധന അനിവാര്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്‌തികാന്ത ദാസ് വ്യക്‌തമാക്കുകയും ചെയ്‌തിട്ടുണ്ട്.
Most Read: പ്രായമല്ല, പ്രണയമാണ് എല്ലാം; 82കാരിക്ക് ജീവിതപങ്കാളിയായി 36കാരൻ






































