ദിബ്രുഗഡ്: വിഷാംശമുള്ള കൂണ്‍ കഴിച്ച് അസമില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം. ആറ് വയസുള്ള കുട്ടിയുള്‍പ്പടെ ഉള്ളവരാണ് മരിച്ചത്. തേയില തോട്ടം തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് മരിച്ചവര്‍.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൊഴിലാളികള്‍ കൂണ്‍ ശേഖരിച്ച് വീട്ടിലെത്തി പാചകം ചെയ്യുകയായിരുന്നു. എന്നാല്‍ കുട്ടികളുള്‍പ്പടെ കൂണ്‍ കഴിച്ച എല്ലാവര്‍ക്കും ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തുകയായിരുന്നു.
ദിബ്രുഗഡിലെ അസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് വിഷക്കൂണ്‍ കഴിച്ച് ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന് തോട്ടം തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ചികിൽസ തേടിയത്. നിരവധി പേര്‍ ഇപ്പോഴും ചികിൽസയില്‍ തുടരുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രശാന്ത ദിഹിംഗിയ അറിയിച്ചു.
ദിബ്രുഗഡ്, ശിവസാഗര്‍, ടിന്‍സുകിയ എന്നിവിടങ്ങളില്‍ നിന്നാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 35 പേരെ കൂണ്‍ വിഷബാധയേറ്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിനിടെയാണ് ആറുവയസുകാരിയും സ്‌ത്രീകളും ഉള്‍പ്പടെ മരിച്ചത്. ഇവരില്‍ ഏഴ് പേര്‍ ചറൈഡിയോ ജില്ലയില്‍ നിന്നുള്ളവരും അഞ്ച് പേര്‍ ദിബ്രുഗഡ് ജില്ലയിലുള്ളവരും ഒരാ ശിവസാഗര്‍ സ്വദേശിയുമാണ്.
അതേസമയം പലപ്പോഴായി ഇത്തരത്തില്‍ വിഷക്കൂണ്‍ കഴിച്ച് നിരവധി പേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. പലര്‍ക്കും ഭക്ഷ്യയോഗ്യമായ കൂണ്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Most Read: കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ഡെൽഹിയിലും മുംബൈയിലും ജാഗ്രത






































