തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ വീണ്ടും പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിസന്ധി പരിഹരിക്കേണ്ടത് കെഎസ്ആർടിസി മാനേജ്മെന്റ് ആണെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ ആദ്യം ഇടപെടേണ്ടത് വകുപ്പ് മന്ത്രിയല്ല, മാനേജ്മെന്റ് ആണെന്നും ആന്റണി രാജു വ്യക്തമാക്കി. ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട പരാതികൾ സർക്കാരിന് മുന്നിലെത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
ഘടക കക്ഷികൾ ഭരിക്കുന്ന വകുപ്പുകളിൽ സമരമെന്ന പ്രചാരണം തെറ്റാണെന്നും ആക്ഷേപങ്ങൾ മാദ്ധ്യമ സൃഷ്ടിയാണെന്നും മന്ത്രി വ്യക്തമാക്കി. വിഷുവിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് സിഐടിയുവിന്റെ നേതൃത്വത്തിലുള്ള കെഎസ്ആർടിസി എംപ്ളോയീസ് അസോസിയേഷൻ തിരുവനന്തപുരത്തെ ചീഫ് ഓഫിസിന് മുന്നിൽ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചിരുന്നു.
ഈ മാസം 28ന് സൂചനാ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഡീസൽ വില വർധനവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റും വകുപ്പ് മന്ത്രിയും പറയുന്നത്. പ്രതിദിനം കളക്ഷനായി ലഭിക്കുന്ന ആറരക്കോടി രൂപയിൽ 75 ശതമാനവും ഡീസലിന് വേണ്ടി ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള 75 കോടി ആവശ്യപ്പെട്ടപ്പോഴാണ് ധനവകുപ്പ് 30 കോടി അനുവദിച്ചത്. 87 കോടി രൂപ വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്നാണ് കോർപറേഷന്റെ നിലപാട്. ഈ തുക കണ്ടക്ടർമാർക്കും ഡ്രൈവർമാർക്ക് പോലും ശമ്പളം നൽകാൻ തികയില്ല. ഇക്കാര്യത്തിൽ ഭരണകക്ഷി യൂണിയനുകൾ പോലും സമരത്തിന് ഇറങ്ങേണ്ടി വരുന്നത് സർക്കാരിന് വൻ തിരിച്ചടിയായിട്ടുണ്ട്.
Most Read: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിൽ കനത്ത മഴക്ക് സാധ്യത







































