മലപ്പുറം: പാണമ്പ്രയിൽ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യം ചെയ്‌തതിന് നടുറോഡിൽ വെച്ച് സഹോദരികളെ മർദ്ദിച്ച സംഭവത്തിൽ പെൺകുട്ടികളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് തേഞ്ഞിപ്പലം പോലീസ് സഹോദരികളുടെ മൊഴി രേഖപ്പെടുത്തിയത്. തിരൂരങ്ങാടി സ്വദേശി സിഎച്ച് ഇബ്രാഹീം ഷെബീർ എന്ന യുവാവാണ് പെൺകുട്ടികളെ മർദ്ദിച്ചത്.
പോലീസ് പ്രതിക്കെതിരെ അനുകൂല നിലപാട് എടുത്തെന്നും അഞ്ചിലേറെ തവണ മുഖത്തടിച്ച സ്‌ഥിതി ഉണ്ടായിട്ടും തങ്ങളുടെ മൊഴി കൃത്യമായി രേഖപ്പെടുത്താൻ പോലും പോലീസ് തയ്യാറായില്ലെന്നും പെൺകുട്ടികൾ ആരോപിച്ചിരുന്നു. ഇത് ചർച്ചയായതിന് പിന്നാലെയാണ് പോലീസ് വീണ്ടും പെൺകുട്ടികളുടെ മൊഴിയെടുക്കാൻ തയ്യാറായത്. അതേസമയം, സംഭവത്തിൽ പെൺകുട്ടികൾ ഇന്ന് വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
മൊഴിപ്രകാരമുള്ള വകുപ്പുകളിൽ പ്രതിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ തേഞ്ഞിപ്പലം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയിൽ സഹോദരിമാരായ അസ്‌നയും ഹംനയും എസ്‌പി അടക്കമുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്‌ഥർക്കും ഇന്ന് പരാതി നൽകും. സംഭവത്തിൽ തുടർനടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് പെൺകുട്ടികളുടെ തീരുമാനം. അതിനിടെ മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതി ഇബ്രാഹീം ഷെബീറിന്റെ വാഹനത്തിന്റെ അമിത വേഗത, നടുറോഡിൽ വാഹനം നിർത്തിയിട്ടുള്ള അതിക്രമം, റോങ് സൈഡ് വാഹനം ഓടിക്കൽ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. പരിശോധിച്ച് റിപ്പോർട് സമർപ്പിക്കാൻ തിരൂരങ്ങാടി ജോയിന്റ് ആർടിഒക്ക് ജില്ലാ ആർടിഒ നിർദ്ദേശം നൽകി. ഈ മാസം 16ന് ആണ് മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ പെൺകുട്ടികൾക്ക് മർദ്ദനമേറ്റത്. തിരൂരങ്ങാടി സ്വദേശി സിഎച്ച് ഇബ്രാഹീം ഷെബീറിന്റെ അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്‌തതിനായിരുന്നു മർദ്ദനം.
Most Read: അഞ്ചിന് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി; സിഐടിയു