തൃശൂർ: പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. ആദ്യമായാണ് സർക്കാർ പൂരത്തിന് ധനസഹായം നൽകുന്നത്. കളക്ടർക്കാണ് സർക്കാർ തുക അനുവദിച്ചത്. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വിപുലമായി തൃശൂർ പൂരം നടത്താൻ അനുമതി നൽകിയിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ വരുന്നതിന് മുമ്പ് നടത്തിയത് പോലെ മികച്ച രീതിയിൽ പൂരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചിരുന്നു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസ് ഉന്നതതല യോഗം ചേർന്നിരുന്നു. പൂരത്തിന് മുന്നോടിയായി നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കും.
ഇതിനായി 5000 ത്തോളം പോലീസുകാരെ പൂര നാളുകളിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും വിന്യസിക്കാൻ പോലീസ് ഉന്നതതല യോഗത്തിൽ തീരുമാനമായി. മുൻ വർഷങ്ങളിൽ ഏതാണ്ട് പത്ത് ലക്ഷത്തോളം ആളുകളാണ് പൂരനഗരിയിൽ എത്തിയിരുന്നത്. രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം പൂരം നടക്കുമ്പോൾ 40 ശതമാനം അധികം ആളുകൾ എത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്.
ഇത് കണക്കിലെടുത്ത് വൻ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഒരുക്കുന്നത്. പൂര നാളുകളിൽ തിരക്ക് കൂടുന്ന ഇടങ്ങളിലെല്ലാം പോലീസിനെ വിന്യസിക്കും. പൂരനാളുകളിൽ സ്വരാജ് റൗണ്ടിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകളിൽ എല്ലാം ബാരിക്കേഡ് സ്ഥാപിക്കാനും തീരുമാനമായി. മെയ് 10നാണ് തൃശൂർ പൂരം.
Most Read: പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ പിൻവലിച്ചു






































