തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്തെ 10 ജില്ലകളിൽ മഴ ശക്‌തമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഴ ശക്‌തമാകുമെന്ന് മുന്നറിയിപ്പ് നൽകിയത്.
ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് രാത്രി 7 മണി മുതൽ 10 മണി വരെയുള്ള സമയത്താണ് മഴ കനക്കുക.
അതേസമയം അടുത്ത 5 ദിവസത്തെ മഴ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട് തുടരുകയാണ്. കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
Read also: പെരുന്നാൾ ആഘോഷം; പടക്കങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ദുബായ്






































