ടെല്‍ അവീവ്: അല്‍ ജസീറയില്‍ മാദ്ധ്യമ പ്രവര്‍ത്തകയായിരുന്ന ഷിറീൻ അബൂ അഖ്‌ലയുടെ ശവസംസ്‌കാര ചടങ്ങിന് നേരെനടന്ന ആക്രമണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഇസ്രയേല്‍. കിഴക്കന്‍ ജെറുസലേമില്‍ ഷിറീനിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള നടന്ന വിലാപയാത്രക്ക് നേരെയായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണമുണ്ടായത്.
“സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഇസ്രയേല്‍ പോലീസ് കമ്മീഷണറും പബ്ളിക് സെക്യൂരിറ്റി വിഭാഗം മന്ത്രിയും സംയുക്‌തമായി പ്രഖ്യാപിച്ചിട്ടുണ്ട്,” ഇസ്രയേല്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു. അതേസമയം,ഇസ്രയേലിന്റെ അന്വേഷണം പലസ്‌തീൻ അതോറിറ്റി തള്ളി. പക്ഷപാതപരമായിരിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഷിറീൻ അബൂ അഖ്‌ലയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെ ഇസ്രായേല്‍ സൈന്യം ആക്രമിക്കുകയായിരുന്നു. ഇസ്രായേല്‍ സേന നടത്തിയ കയ്യേറ്റത്തിനിടെ ശവപ്പെട്ടി താഴെ വീഴുകയും ചെയ്‌തു. ആയിരക്കണക്കിന് പേരായിരുന്നു ഷിറീനിന്റെ സംസ്‌കാര ചടങ്ങുകളിലും വിലാപയാത്രയിലും പങ്കെടുത്തത്. മൗണ്ട് സിയോണ്‍ പ്രൊട്ടസ്‌റ്റന്റ് സെമിത്തേരിയിലാണ് ഷിറീനിന്റെ മൃതദേഹം ഖബറടക്കിയത്. ഷിറീന്‍ അബു അഖ്‌ലേയുടെ സംസ്‌കാര ചടങ്ങിനിടെ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ചുകൊണ്ട് യുഎസ് രംഗത്ത് വന്നിരുന്നു.
ഷിറീനിന്റെ സംസ്‌കാര ചടങ്ങിലേക്ക് ഇസ്രായേലി പൊലീസ് അതിക്രമിച്ചെത്തിയതിന്റെ ദൃശ്യങ്ങള്‍ ദുഖമുണ്ടാക്കിയെന്നും ഇസ്രായേലിന്റെയും പലസ്‌തീന്റെയും പ്രതിനിധികളുമായി സംസാരിച്ചിട്ടുണ്ടെന്നും സംഘര്‍ഷമൊഴിവാക്കാൻ ആഹ്വാനം ചെയ്‌തിട്ടുണ്ടെന്നുമാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ പ്രതികരിച്ചത്.
സംഭവത്തില്‍ അല്‍ ജസീറയും അപലപിച്ചിട്ടുണ്ട്. വിലാപയാത്രയില്‍ പങ്കെടുത്തവര്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങള്‍ അന്താരാഷ്‍ട്ര നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു അല്‍ ജസീറ പ്രതികരിച്ചത്. അതേസമയം, സംഭവത്തെ പാശ്‌ചാത്യ മാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്‌ത രീതിക്കെതിരെയും വിമര്‍ശനമുയരുന്നുണ്ട്. റഷ്യന്‍ സേനയാണ് ഇത്തരത്തില്‍ ആക്രമണം നടത്തിയിരുന്നതെങ്കില്‍ പാശ്‌ചാത്യരുടെ മുഴുവന്‍ പ്രധാന വാര്‍ത്ത അതാകുമായിരുന്നു എന്ന് സ്‌കോട്ടിഷ് പാര്‍ലമെന്റംഗം റോസ് ഗ്രീര്‍ ട്വീറ്റ് ചെയ്‌തു.
വെസ്‌റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽസൈനിക നടപടി റിപ്പോർട് ചെയ്യുന്നതിനിടെയാണ് ഷിറീൻ കൊല്ലപ്പെടുന്നത്. അൽ ജസീറയുടെ അറബിക് ചാനലിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകയായ ഷിറീന് തലയ്‌ക്കാണ് വെടിയേറ്റത്. ഗുരുതരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷിറീനൊപ്പം മറ്റൊരു മാദ്ധ്യമ പ്രവർത്തകനും വെടിയേറ്റിരുന്നു. ജെറുസലേം കേന്ദ്രീകരിച്ചുള്ള അൽ- ഖുദ്‌സ് ദിനപത്രത്തിന്റെ റിപ്പോർട്ടർ അലി സമൗദിക്കാണ് വെടിയേറ്റത്.
Read also: ഡെൽഹി മുണ്ട്‌കയിലെ തീപിടിത്തം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും







































