പാലക്കാട്: ജില്ലയിലെ മുട്ടികുളങ്ങരയിൽ പോലീസ് ക്യാംപിന് സമീപം 2 പോലീസുകാർ മരിച്ച സംഭവത്തിൽ സ്‌ഥലമുടമ സുരേഷ് അറസ്‌റ്റിൽ. നരഹത്യ, തെളിവ് നശിപ്പിക്കൽ, അനധികൃത വൈദ്യുതി കണക്ഷനെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. രാത്രിയിൽ പന്നിക്ക് കെണിവച്ചത് സുരേഷാണെന്ന് പാലക്കാട് എസ്‌പി ആർ വിശ്വനാഥ് വ്യക്‌തമാക്കി.
കേസുമായി ബന്ധപ്പെട്ട് മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി എന്നിവരെ നേരത്തെ തന്നെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കാട്ടുപന്നികളെ പിടിക്കാൻ വൈദ്യുതക്കെണി വെക്കാറുണ്ടെന്ന് ഇരുവരും സമ്മതിക്കുകയും ചെയ്‌തു.
കഴിഞ്ഞ ദിവസവും വൈദ്യുതിക്കെണി വച്ചിരുന്നതായും, രാവിലെ വന്നു നോക്കിയപ്പോൾ രണ്ടുപേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി എന്നും പ്രതികൾ വ്യക്‌തമാക്കി. തുടർന്ന് ഉടൻ തന്നെ വൈദ്യുതിക്കെണി വച്ച സ്‌ഥലത്തുനിന്നും മൃതദേഹങ്ങൾ രണ്ടിടത്തേക്ക് കൊണ്ടുപോയി ഇട്ടുവെന്നുമാണ് ഇവർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. കൂടാതെ ഇവർക്കെതിരെ 2016ൽ കാട്ടുപന്നിയെ വൈദ്യുതക്കെണി വെച്ച് പിടികൂടിയതിന് വനംവകുപ്പ് കേസെടുത്തിരുന്നതായും അന്വേഷണസംഘം വ്യക്‌തമാക്കി.
Read also: വെടിക്കെട്ട് നടത്താൻ പൂരനഗരി ഒരുങ്ങി; ഭീഷണിയായി മഴ




































