തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത ഹൈക്കോടതിയിൽ ഹരജി നൽകിയതിനെ വിമർശിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇപി ജയരാജന്‍ അതിജീവിതയെ അപമാനിച്ചുവെന്ന് വിഡി സതീശൻ പറഞ്ഞു. കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമുണ്ടായെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതിജീവിത സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കേസില്‍ പുതിയ സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കാതെ കേസ് പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സ്‌ഥിതിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
“അന്വേഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചോ?, അന്വേഷണം സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയോ?, കേസ് വഴിതിരിക്കാന്‍ പോലീസിന്റെ ഫ്യൂസ് ഊരിയോ?, പാതി വെന്ത റിപ്പോർട് എന്തിനാണ് സമര്‍പ്പിച്ചത്? തുടങ്ങി എല്ലാ കാര്യവും കോടതി പരിശോധിക്കണം,”- വിഡി സതീശന്‍ ആവശ്യപ്പെട്ടു.
യുഡിഎഫ് അതിജീവിതക്ക് ഒപ്പമാണ്. തൃക്കാക്കരയിലെ സ്‌ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് ഉമ തോമസ് അതിജീവിതക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സത്യാഗ്രഹത്തില്‍ പങ്കെടുത്തിരുന്നു. കേരളത്തിലെ ഒരു പെണ്‍കുട്ടിക്കും ഇത്തരത്തില്‍ ഒരനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
കേസ് അട്ടിമറിച്ചെന്നാരോപിച്ച് ഇന്നലെ അതിജീവിത ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്‌തിരുന്നു. വിചാരണ കോടതിക്കും സര്‍ക്കാരിനും എതിരെ ഹരജിയിൽ വിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ പിന്തുണ നല്‍കി, എന്നാല്‍ പിന്നീട് പിന്‍വാങ്ങിയെന്നുമാണ് ഹരജിയിൽ ആരോപിക്കുന്നത്. ഇതിന് പിന്നാലെ ഇപി ജയരാജന്‍ നടിയുടെ ഹരജിക്ക് പിന്നില്‍ പ്രത്യേക താല്‍പര്യം ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് പറഞ്ഞിരുന്നു.
Most Read: നിര്‍മല സീതാരാമനെ വിമര്‍ശിച്ച് തമിഴ്‌നാട് ധനമന്ത്രി







































