തൃശൂര്‍: അടിക്കടി വര്‍ദ്ധിച്ചു വരുന്ന ഗുണ്ടാപ്പോരും കൊലപാതകങ്ങളും ഉറക്കം കെടുത്തിയ തൃശൂര്‍ നഗരത്തെ ശുദ്ധീകരിക്കാന്‍ നടപടികളുമായി സിറ്റി പോലീസ്. ഓപ്പറേഷന്‍ റേഞ്ചര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ 20 പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലുള്ള മൂന്നൂറിലധികം കേന്ദ്രങ്ങളില്‍ റെയ്‌ഡ് നടത്തി.
ക്രിമിനല്‍ പശ്ചാത്തലമുള്ള 592 പേരെ പരിശോധിച്ചതില്‍ 105 പേര്‍ക്കെതിരെ കരുതല്‍ നടപടിക്ക് ശുപാര്‍ശ ചെയ്‌തു. ക്രിമിനല്‍ ചട്ടപ്രകാരമാണ് നടപടി. കാപ്പ( കേരള ആന്റി-സോഷ്യല്‍ ആക്റ്റിവിറ്റിസ് പ്രിവെന്‍ഷന്‍ ആക്‌ട്) പ്രകാരം 2 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു.
ഗുണ്ടാ സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാനും വിവിധ കേസുകളില്‍ ജാമ്യം നേടി മുങ്ങിയവരെ കണ്ടെത്താനും പ്രത്യേക സംഘങ്ങളെ രൂപീകരിക്കാന്‍ തീരുമാനമായി. ഇത്തരം കേസുകളില്‍ അസിസ്‌റ്റന്റ് കമ്മീഷണര്‍മാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും.
എം ബീറ്റ് എന്ന ആപ്പ് ഉപയോഗിച്ച് മുന്‍കാലങ്ങളില്‍ മയക്കു മരുന്ന് കേസ് അടക്കമുള്ളവയില്‍ പിടിയിലായവരെ നിരീക്ഷിക്കും. പിടിച്ചു പറി, മദ്യം-മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരെ കണ്ടെത്തും.
കഴിഞ്ഞ രണ്ടാഴ്‌ചക്ക് ഇടയില്‍ 8 കൊലപാതകങ്ങളാണ് തൃശൂര്‍ ജില്ലയില്‍ നടന്നത്. ഇവയില്‍ പലതും ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പോരും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുമായിരുന്നു. ഇതോടെയാണ് അടിയന്തര നടപടി എടുക്കാന്‍ സിറ്റി പോലീസ് നിര്‍ബന്ധിതരായത്.
Read Also: ലക്ഷ്യം ലഹരിമുക്‌ത നവകേരളം; മാഫിയകളെ നിർദാക്ഷണ്യം നേരിടും; മുഖ്യമന്ത്രി


































