ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് കസ്‌റ്റഡിയിൽ. തൃശൂർ പെരുമ്പിലാവ് സ്വദേശി യഹതിയ തങ്ങളാണ് പിടിയിലായത്. ആലപ്പുഴ സമ്മേളനത്തിന്റെ ചെയർമാനായിരുന്ന യഹതിയ തങ്ങൾ പിഎഫ്ഐ സംസ്‌ഥാന സമിതിയംഗമാണ്. .
അതേസമയയം വിദ്വേഷ മുദ്രാവാക്യ കേസിൽ കുട്ടിയുടെ പിതാവിനെയടക്കം അഞ്ച് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മതസ്‌പർധ വളർത്താൻ ബോധപൂർവം ഇടപ്പെട്ടുവെന്ന വകുപ്പ് ചുമത്തിയാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ആലപ്പുഴ സൗത്ത് പോലീസാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെയാണ് കുട്ടിയുടെ പിതാവ് അഷ്‌കർ മുസാഫർ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷൻ ഭാരവാഹികളായ ഷമീർ, സുധീർ, മരട് ഡിവിഷൻ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തിയത്.
കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അഷ്‌കർ മുസാഫറിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ശനിയാഴ്‌ച നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരൻ പറയുന്നത്.
Most Read: മംഗളൂരു സർവകലാശയിൽ ഹിജാബ് ധരിച്ച വിദ്യാർഥികളെ തിരിച്ചയച്ചു








































