മുംബൈ: ഏഴു വയസുകാരിയെ മുംബൈയിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലെ മീരാ റോഡിലെ ഹോട്ടൽ മുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അമ്മയെ അബോധാവാസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ വിഷം കഴിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ പിതാവും വിഷം കഴിച്ചതായി സംശയിക്കുന്നു. ഇയാളെ കണ്ടെത്തിയിട്ടില്ല.
വിഷം കഴിച്ച യുവതി ഹോട്ടൽ ജീവനക്കാരെ വിവരമറിയിക്കുകയും അവർ കാഷിമീര പോലീസിൽ അറിയിക്കുകയും ആയിരുന്നു. തുടർന്ന് യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടിലിൽ അനങ്ങാതെ കിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു.
ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ ഇവർക്കൊപ്പം ഉണ്ടായിരുന്നയാൾ കുട്ടിയുടെ പിതാവാണെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുന്നതിനിടെ ദമ്പതികൾ തങ്ങളുടെ ഐഡന്റിറ്റി പ്രൂഫ് സമർപ്പിച്ചതിൽ നിന്നും ഇക്കാര്യം തെളിഞ്ഞതായി പോലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Most Read: കള്ളപ്പണം വെളുപ്പിക്കൽ; ഡെൽഹി മന്ത്രി സത്യേന്ദർ ജെയിൻ അറസ്‌റ്റിൽ






































