മലപ്പുറം: ഭക്ഷ്യവിഷബാധ ഏറ്റെന്ന വ്യാജ ആരോപണവുമായി ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം വേങ്ങരയിലാണ് സംഭവം. പൂച്ചോലമാട് സ്വദേശികളായ ഇബ്രാഹിം, അബ്ദു റഹ്മാൻ, റമീസ്, സുധീഷ്, താട്ടയിൽ നാസിം എന്നിവരെയാണ് വേങ്ങര പോലീസ് പിടികൂടിയത്.
ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിൽസയിലാണെന്ന് ആരോപിച്ചാണ് ഇവർ നഷ്ടപരിഹാരമായി പണം ആവശ്യപ്പെട്ടത്. ആദ്യം 40,000 രൂപ ആവശ്യപ്പെട്ട പ്രതികൾ ഹോട്ടലുടമ വഴങ്ങാത്തതിനെ തുടർന്ന് 25000മായി കുറയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹോട്ടലിൽ എത്തിയ യുവാക്കൾ ബ്രോസ്റ്റഡ് ചിക്കനാണ് കഴിച്ചത്. ബാക്കി വന്ന ഭക്ഷണം പാഴ്സലായി കൊണ്ടുപോവുകയും ചെയ്തിരുന്നു. പിന്നീടാണ് ഹോട്ടലുടമയെ വിളിച്ച ശേഷം തങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും പരാതി നൽകാതിരിക്കാൻ പണം നൽകണമെന്നും ആവശ്യപ്പെട്ടത്.
പണം നൽകാതിരുന്ന ഹോട്ടലുടമ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പുസംഘം കുടുങ്ങിയത്. ഇവർ നേരത്തെയും സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
Most Read: പഴകിയ എണ്ണ പാക്കറ്റുകളിൽ എത്തുന്നതായി സംശയം; ഹോട്ടലുകളിൽ പരിശോധന








































